ബിജെപിക്ക് തിരിച്ചടി തുടരുന്നു; മുതിർന്ന നേതാവ് എഎച്ച് വിശ്വാനാഥും രാജിവെച്ചു, കോൺഗ്രസിലേക്ക്
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മറ്റൊരു പ്രമുഖ നേതാവ് കൂടി രാജിവെച്ച് ഉടൻ കോൺഗ്രസിൽ ചേരും. മുതിർന്ന നേതാവും എംഎൽസിയുമായ എഎച്ച് വിശ്വാനാഥാണ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. ബി ജെ പിയിൽ നിന്നും രാജിവെച്ച ഉടൻ കോൺഗ്രസിൽ ചേരുമെന്ന് വിശ്വനാഥ് വ്യക്തമാക്കി.
'ഇന്ന് ഞാൻ കോൺഗ്രസിൽ ചേരും. ബി ജെ പിയിൽ നിന്നും രാജിവെയ്ക്കാനുള്ള തീരുമാനത്തിന് പിന്നിൽ നിരവധി രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്', വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ തന്നെ വിശ്വനാഥ് ബിജെപിയിൽ നിന്നും രാജിവെച്ചേക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തേ ഉണ്ടായിരുന്നു. കോൺഗ്രസസ് നേതാക്കളുമായി താൻ ചർച്ച നടത്തിയിരുന്നതായും വിശ്വനാഥ് പറഞ്ഞിരുന്നു.

2019 ൽ കോൺഗ്രസ്-ജെഡിഎസ് സഖ്യസർക്കാരിനെതിരെ പാലം വലിച്ച് ബി ജെ പിയിൽ ചേർന്ന നേതാവാണ് വിശ്വനാഥ്. കോൺഗ്രസിൽ ചേരും മുൻ മൈസൂരുവിൽ നിന്നുള്ള ജെ ഡി എസ് എംപിയായിരുന്നു അദ്ദേഹം. അതേസമയം മന്ത്രി സ്ഥാനം മോഹിച്ച് ബിജെപിയിലെത്തിയ വിശ്വനാഥിന് പാർട്ടിയിൽ അർഹമായ പരിഗണന ലഭിച്ചില്ല. എം എൽ സി പദവി ലഭിച്ചെങ്കിലും ബി ജെ പിയിൽ ഒതുക്കപ്പെടുകയാണെന്ന തോന്നൽ വിശ്വനാഥിന് ഉണ്ടായിരുന്നു.
മാത്രമല്ല തന്റെ പല ആവശ്യങ്ങളും ബിജെപി നേതൃത്വം പരിഗണിക്കാതിരുന്നത് വിശ്വനാഥിനെ ചൊടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് വിശ്വനാഥ് പാർട്ടി വിടാൻ ഒരുങ്ങുന്നത്. നിയമസഭ തിരഞ്ഞെടുപ്പല്ല മറിച്ച് 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് വിശ്വനാഥിന്റെ ഇപ്പോഴത്തെ നീക്കം. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മൈസൂരിൽ നിന്നും കോൺഗ്രസ് ടിക്കറ്റ് മത്സരിക്കാനുളള ചരടുവലികളാണ് വിശ്വനാഥ് നടത്തുന്നത്.

അതേസമയം ബിജെപിയിൽ നിന്ന് വരുന്ന നേതാക്കളെ ഇനി കോൺഗ്രസിലേക്ക് സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടും കൂടുതൽ നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നത് പാർട്ടിയുടെ പ്രതീക്ഷ വാനോളം ഉയർത്തുന്നുണ്ട്. ഇത്തവണ അധികാരം തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. കുറഞ്ഞത് 140 സീറ്റുകൾ വരെയാണ് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നത്. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷം നേടാൻ 113 സീറ്റുകളാണ് ആവശ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80 ഓളം സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. അതേസമയം സംസ്ഥാനത്ത് തങ്ങൾക്ക് ഭരണ തുടർച്ച ലഭിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. 108 സീറ്റായിരുന്നു ബിജെപിക്ക് സംസ്ഥാനത്ത് കഴിഞ്ഞ തവണ ലഭിച്ചത്.












Click it and Unblock the Notifications