പഴയ മൈസൂർ മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റം: 7 സീറ്റുകളുടെ മേല്‍ക്കൈ എന്ന് സർവ്വെ
വരാനിരിക്കുന്ന കർണാട നിയമസഭ തിരഞ്ഞെടുപ്പില്‍ പഴയ മൈസൂർ മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം പുലർത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - ജന്‍ കി ബാത് ഒപീനയന്‍ പോള്‍ ആദ്യ റൌണ്ട് സർവ്വേ ഫലം. മേഖലയിലെ 9 ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 57 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് നേടുമെന്നാണ് സർവ്വേ അവകാശപ്പെടുന്നത്. ബി ജെ പിയും ഭേദപ്പെട്ട പ്രകടനം നടത്തുമ്പോള്‍ വലിയ തിരിച്ചടി നേരിടേണ്ടി വരിക ജെ ഡി എസിനായിരിക്കുമെന്നും സർവ്വേ അവകാശപ്പെടുന്നു.
2018 ലെ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ 9 സീറ്റുകളില്‍ മാത്രമായിരുന്നു ബി ജെ പിക്ക് വിജയിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസ് 16 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 24 സീറ്റുമായി ജെ ഡി എസ് തങ്ങളുടെ കോട്ട ഭദ്രമാക്കി. രണ്ട് സീറ്റില്‍ മറ്റുള്ളവരും ജയിച്ചു. പിന്നീട് 2019 ലെ ഉപതിരഞ്ഞെടുപ്പിലൂടെ മേഖലയില്‍ രണ്ട് സീറ്റുകളില്‍ കൂടി വിജയിക്കാന്‍ ബി ജെ പിക്ക് സാധിച്ചു.

ഇത്തവണ കോണ്‍ഗ്രസ് പഴയ മൈസൂർ മേഖലയില്‍ നിന്നുള്ള തങ്ങളുടെ അംഗബലം 23 ആക്കി ഉയർത്തുമെന്നാണ് ഏഷ്യാനെറ്റ് സർവ്വേ അവകാശപ്പെടുന്നത്. അതേസമയം ജെ ഡി എസിന്റെ സീറ്റുകള്‍ 22 ആയി കുറയും. എന്നാല്‍ ഭരണ വിരുദ്ധ തരംഗത്തില്‍ ബി ജെ പി മേഖലയില്‍ 12 സീറ്റുകള്‍ നേടുമെന്നും സർവ്വേ പ്രവചിക്കുന്നു.
വൊക്കലിംഗ വിഭാഗത്തിന് വലിയ സ്വാധീനമുള്ള ഈ മേഖലയിലെ മണ്ഡലങ്ങൾ ചരിത്രപരമായി കോൺഗ്രസിനും ജെ ഡി എസിനും വലിയ പിന്തുണയാണ് നല്‍കി വരുന്നത്. ജെ ഡി എസ് നേതാക്കളായ ദേവഗൌഡയും കുമാരസ്വാമിയും കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതയുള്ള മുഖവും സംസ്ഥാന പാർട്ടി അധ്യക്ഷനുമായ ഡികെ ശിവകുമാറും വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ്.
പഴയ മൈസൂരിലെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനും മുൻ തെരഞ്ഞെടുപ്പുകളേക്കാൾ മികച്ച പ്രകടനം നടത്താനുമുള്ള തീവ്രശ്രമമാണ് ഈ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്നത്.
മാണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപി സുമലത അംബരീഷിന്റെ പിന്തുണ ഗുണം ചെയ്യുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. മാണ്ഡ്യ ജില്ലയിൽ കെസി നാരായണ ഗൌഡയെന്ന ഏക എംല്‍എയാണ് ബിജെപിക്കുള്ളത്. 2018 ൽ ജനതാദൾ (സെക്കുലർ) ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ബി ജെ പിയിലേക്ക് കൂറുമാറുകയും 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയുമായിരുന്നു.












Click it and Unblock the Notifications