'ഞാനൊരു പാമ്പ് തന്നെയാണ്'; കർണാടകയിൽ ഖാർഗെയ്ക്ക് മറുപടിയുമായി നരേന്ദ്ര മോദി
ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിഷപാമ്പ് പരാമർശത്തിൽ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാൻ ശിവന്റെ കഴുത്തിലാണ് പാമ്പെന്നും അതിനാൽ പാമ്പെന്ന് തന്നെ വിളിക്കുന്നതിൽ പ്രശ്നമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ കോലാറിൽ സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
'എന്നെ പാമ്പെന്നാണ് അവർ വിളിച്ചത്. ശിവഭഗവാന്റെ കഴുത്തിലാണ് പാമ്പ്. രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരന് തുല്യമാണ്. അതിനാല്‍ അവർക്കൊപ്പം തന്നെ ഞാൻ ഉണ്ടാകും. അതുകൊണ്ട് പാമ്പെന്ന് വിളിക്കുന്നതിൽ തനിക്ക് പ്രശ്നമില്ല.സന്യാസിമാരുടെയും സംസ്‌കാരത്തിന്റെയും നാടായ കർണാടകയിലെ ജനങ്ങൾ കോൺഗ്രസിന്റെ അധിക്ഷേപങ്ങൾക്ക് വോട്ടിലൂടെ മറുപടി നൽകുമെന്ന് എനിക്കറിയാം', മോദി പറഞ്ഞു. 85 ശതമാനം കമ്മീഷന്‍ വാങ്ങുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു.

'കോൺഗ്രസിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടതിന് ഒരു കാരണമുണ്ട്: കോൺഗ്രസിന്റെ സ്വത്വം എല്ലായ്പ്പോഴും 85 ശതമാനം കമ്മീഷനുമായി ബന്ധപ്പെട്ടിരിക്കുന്നു. കോൺഗ്രസിന്റെ ഭരണകാലത്ത് പാർട്ടിയുടെ ഉന്നത നേതാവും അന്നത്തെ പ്രധാനമന്ത്രിയും അഭിമാനത്തോടെ പറയുമായിരുന്നു, താൻ ഡൽഹിയിൽ നിന്ന് ഒരു രൂപ അയച്ചാൽ 15 പൈസയാണ് ജനങ്ങൾക്ക് എത്തുന്നതെന്ന്. കോൺഗ്രസ് എപ്പോഴും പാവങ്ങളുടെ 85 പൈസ തട്ടിയെടുത്തവരാണ്', മോദി വിമർശിച്ചു.
ബിജെപിയുടെ ആരോപണമല്ലിത്, കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിയെ കുറിച്ച് എല്ലാവർക്കും അറിയുന്ന കാര്യമാണിത്. 85 ശതമാനം കമ്മീഷൻ വിഴുങ്ങുന്ന കോൺഗ്രസിന് ഒരിക്കലും കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കാനാവില്ല', മോദി പറഞ്ഞു. കരാറുകാരിൽ നിന്ന് 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന ആരോപണത്തിൽ കർണാടകയിലെ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ വിമർശനം.
'ബിജെപി സർക്കാർ ഇന്ന് ജനങ്ങൾക്ക് നൽകുന്ന നൂറ് ശതമാനവും ഗുണഭോക്താവിലേക്ക് എത്തുന്നു. 'ഡിജിറ്റൽ ഇന്ത്യ'യുടെ കരുത്തിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിവിധ പദ്ധതികളിലായി 29 ലക്ഷം കോടി രൂപ പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റായി', മോദി പറഞ്ഞു.
'അഴിമതി ഉൾപ്പെടാത്ത ഒരു പദ്ധതിയും പരിപാടിയും കോൺഗ്രസിന് ഒരിക്കലും രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.കോൺഗ്രസുമായും അവരുടെ കുടുംബവുമായും ബന്ധമുള്ള നേതാക്കളെല്ലാം തന്നെ കോടിക്കണക്കിന് രൂപയുടെ അഴിമതി കേസിൽ ജാമ്യത്തിൽ പുറത്ത് കഴിയുകയാണ്. അഴിമതി ആരോപണങ്ങൾ നേരിടുന്നവരും ജാമ്യത്തിൽ കഴിയുന്നവരുമാണ് ഇപ്പോൾ കർണാടകത്തിൽ വന്ന് പ്രസംഗിക്കുന്നത്', മോദി കുറ്റപ്പെടുത്തി.












Click it and Unblock the Notifications