കര്‍ണാടക ഫലം: സഖ്യസര്‍ക്കാരെങ്കില്‍ കാലാവധി തികക്കില്ലെന്നുറപ്പ്; കാരണം ഈ കണക്കുകള്‍
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ ഏവരും കാത്തിരിക്കുന്നത് വര്‍ഷങ്ങളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് അന്ത്യമുണ്ടാകുമോ എന്നതാണ്. 2018ലെ കര്‍ണാടക തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മൂന്ന് ഗവണ്‍മെന്റുകളും മൂന്ന് മുഖ്യമന്ത്രിമാരും നാല് മുഖ്യമന്ത്രിപദങ്ങളുമുള്ള രാഷ്ട്രീയ അസ്ഥിരതയുടെ കാലഘട്ടമായിരുന്നു കര്‍ണാടക അഭിമുഖീകരിച്ചത്.
1985 ന് ശേഷം ഒരു പാര്‍ട്ടിയും ഭരണം നിലനിര്‍ത്തിയിട്ടില്ല. അതിനാല്‍ തന്നെ 2023 ലെ തിരഞ്ഞെടുപ്പ് ഫലം ബിജെപി ചരിത്രം തിരുത്തിയെഴുതുമോ എന്നും എല്ലാവരും ആകാംക്ഷയോടെ നോക്കുന്നുണ്ട്. 2018-നും 2023-നും ഇടയില്‍ ഉണ്ടായത് പോലെ അടുത്ത അഞ്ച് വര്‍ഷവും സംസ്ഥാനത്ത് കൂട്ടുകക്ഷി സര്‍ക്കാരാണോ എന്നത് സംബന്ധിച്ച് ഇന്ന് വ്യക്തത വരും. സംസ്ഥാനത്ത് 224 നിയമസഭാ സീറ്റുകളാണുള്ളത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

1983-ല്‍ ജനതാ പാര്‍ട്ടിയുടെ രാമകൃഷ്ണ ഹെഗ്ഡെയുടെ കീഴില്‍ ആണ് കര്‍ണാടകയില്‍ ആദ്യ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നത്. കര്‍ണാടകയിലെ ആദ്യത്തെ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയുമായിരുന്നു ഹെഗ്ഡെ. ജനതാ പാര്‍ട്ടി ക്രാന്തി രംഗയുമായി സഖ്യമുണ്ടാക്കുകയും ബിജെപി, സിപിഎം, സിപിഐ എന്നിവയില്‍ നിന്ന് പുറത്തുനിന്നുള്ള പിന്തുണ തേടിയുമാണ് അധികാരത്തില്‍ എത്തിയത്.
സഖ്യസര്‍ക്കാര്‍ 18 മാസം ഭരണം നടത്തി. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം 1984 ലെ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഹെഗ്ഡെ രാജിവയ്ക്കുകയും ചെയ്തു. 21 വര്‍ഷത്തിന് ശേഷം 2004 ല്‍ സംസ്ഥാനത്ത് വീണ്ടുമൊരു സഖ്യസര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ധരംസിങ്ങിന്റെ കീഴിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ ആയുസ് 20 മാസമായിരുന്നു.
എന്നാല്‍ സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ബിജെപി-ജെഡിഎസ് സര്‍ക്കാര്‍ രൂപീകരണത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആദ്യ 20 മാസം ജെഡിഎസിന്റെ എച്ച്ഡി കുമാരസ്വാമിക്കും അടുത്ത 20 മാസം ബിജെപിയുടെ ബിഎസ് യെദിയൂരപ്പയ്ക്കും മരഖ്യമന്ത്രി സ്ഥാനം എന്നതായിരുന്നു ധാരണ. കുമാരസ്വാമി തന്റെ കാലാവധി പൂര്‍ത്തിയാക്കി. എന്നാല്‍ പിന്തുണ പിന്‍വലിക്കുന്നതിന് മുമ്പ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ ഏഴ് ദിവസം മാത്രമാണ് ലഭിച്ചത്.
2018-ലെ തിരഞ്ഞെടുപ്പും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലേക്ക് നയിച്ചു. 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷിയായി ബിജെപി ഉയര്‍ന്നെങ്കിലും 78 സീറ്റ് നേടിയ കോണ്‍ഗ്രസ് 37 സീറ്റ് നേടിയ ജെഡിഎസിനെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ആറ് ദിവസം മാത്രമാണ് നീണ്ടുനിന്നത്.
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരത്തിലെത്തി. 14 മാസം കൊണ്ട് ആ സര്‍ക്കാരും വീണു. 15 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയിലേക്ക് കൂറുമാറിയതാണ് സഖ്യസര്‍ക്കാരിന്റെ പതനത്തിന് കാരണമായത്. അതിന് ശേഷമാണ് ബാസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്.












Click it and Unblock the Notifications