കര്‍ണാടകയില്‍ സ്വതന്ത്രന്‍ പുട്ടസ്വാമി കോണ്‍ഗ്രസിനൊപ്പം, മൊത്തം 138 പേരുടെ പിന്തുണ
ബെംഗളൂരു: കര്‍ണാടകയില്‍ സ്വതന്ത്രന്‍ പുട്ടസ്വാമി ഗൗഡയുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിക്കും. സംസ്ഥാന അധ്യക്ഷ ഡികെ ശിവകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കോണ്‍ഗ്രസിന് 138 പേരുടെ പിന്തുണയായി. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന-ദേശീയ നേതാക്കളെല്ലാം ഇന്ന് ഒരു വേദിയില്‍ അണിനിരക്കുകയും ചെയ്തു.
വേദിയില്‍ നന്ദിനി പേടയുടെ മധുരം നുകര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആഘോഷിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമുല്‍ കര്‍ണാടകത്തിലേക്ക് വരുന്ന വിഷയം ഉണ്ടായത്. ഇത് കര്‍ണാടകയുടെ നന്ദിനി പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഭീഷണിയാവുമെന്ന തര്തില്‍ പ്രചാരണവും നടന്നിരുന്നു. അത് സൂചിപ്പിച്ച് കൊണ്ടാണ് വേദിയില്‍ നന്ദിനിയുടെ പേട നേതാക്കള്‍ കഴിച്ചത്.

ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വിജയം ആഘോഷിച്ചത്. ബിജെപി മുക്ത ദക്ഷിണേന്ത്യയാണ് കോണ്‍ഗ്രസിന്റെ ജയത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പരസ്പരം അഹങ്കാരത്തോടെ സംസാരിക്കുന്ന ബിജെപിയുടെ രീതി ഇനി വില പോവില്ല.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നവര്‍ക്കേ ജയം സാധ്യമാകൂ എന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി വാദിക്കുന്നവര്‍ എന്തൊക്കെയോ ഞങ്ങള്‍ക്കെതിരെ പറഞ്ഞു. എന്നാല്‍ ഇന്ന് ഒരു കാര്യം സാധ്യമായിരിക്കുകയാണ്. ബിജെപി മുക്ത ദക്ഷിണേന്ത്യ സാധ്യമായിരിക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
ഇതുപോലെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണം. എങ്കില്‍ മാത്രമേ ഈ യുദ്ധത്തില്‍ നമ്മള്‍ ജയിക്കൂ. അതിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നും ഖാര്‍ഗെ വ്യക്തമാക്കി. നിങ്ങള്‍ക്ക് എല്ലായിടത്തും ജനാധിപത്യ സര്‍ക്കാര്‍ ആവശ്യമാണെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ പോരാട്ടങ്ങള്‍ വിജയിക്കേണ്ടതുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കടന്നുപോയ ഇടങ്ങളിലെ മണ്ഡലങ്ങളില്‍ 99 ശതമാനം കോണ്‍ഗ്രസ് വിജയിച്ചു. മെക്കേഡത്ത് പദയാത്രയിലാണ് കോണ്‍ഗ്രസ് തുടങ്ങിയത്. പിന്നീട് ഭാരത് ജോഡോ യാത്ര തുടങ്ങി. രാഹുല്‍ ഗാന്ധി നടന്ന മണ്ഡലങ്ങളെല്ലാം കോണ്‍ഗ്രസ് വമ്പന്‍ വിജയം നേടി. അതില്‍ രാഹുലിനോട് നന്ദി പറയുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.
കര്‍ണാടക വിജയത്തോടെ പുതിയ ഊര്‍ജമാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നത്. ഇത് വലിയ വിജയമാണെന്നും ഖാര്‍ഗെ പറഞ്ഞു. ബിജെപി, കോണ്‍ഗ്രസ് മുക്ത ഭാരതത്തിനാണ് ശ്രമിച്ചത്. എന്നാല്‍ പകരം സാധ്യമായത് ബിജെപി മുക്ത ദക്ഷിണേന്ത്യയാണെന്നും കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
അതേസമയം നാല്‍പ്പത് ശതമാനം കമ്മീഷന്‍ വാങ്ങിയിരുന്ന സര്‍ക്കാരില്‍ നിന്ന് മുക്തരായിരിക്കുകയാണ് കര്‍ണാടകയെന്നും സുര്‍ജേവാല പറഞ്ഞു. സിദ്ധരാമയ്യയെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മകന്‍ യതീന്ദ്ര വ്യക്തമാക്കി. മകനെന്ന നിലയില്‍ മാത്രമല്ല, പൗരനെന്ന നിലയിലുള്ള സിദ്ധരാമയ്യ വരാനാണ് ആഗ്രഹിക്കുന്നതെന്നും യതീന്ദ്ര പറഞ്ഞു.












Click it and Unblock the Notifications