ഗുജറാത്തിന് പിന്നാലെ കർണാടക; സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്താൻ ആലോചന
ബംഗളൂരു; സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സമിതി രൂപീകരിക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. തിങ്കളാഴ്ച നിയമസഭാ കൗൺസിലിൽ ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ബി സി നാഗേഷ് ഇക്കാര്യം സൂചിപ്പിച്ചത്. നേരത്തെ ഗുജറാത്തിൽ ഇത്തരത്തിൽ ഭഗവദ്ഗീതയെ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാ ഗമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കർണാകടയുടെ നീക്കം.
"ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, ഗുജറാത്ത് സംസ്ഥാനത്തിന് സമാനമായി, വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഭഗവദ്ഗീത കർണാടകയിൽ അവതരിപ്പിക്കും. സമിതി രൂപീകരിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും വിവിധ വിദ്യാഭ്യാസ വിദഗ്ദരുമായും വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കും" നാഗേഷ് പറഞ്ഞു. സംസ്ഥാനത്തെ സ്കൂൾ സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്തണമെന്നും അടുത്ത അധ്യായന വർഷം മുതൽ ഇത് നിലവിൽ വരുത്തണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.സി പ്രാണേഷാണ് സീറോ അവറിൽ രംഗത്ത് വന്നത്.

സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത അവതരിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ശനിയാഴ്ച പറഞ്ഞിരുന്നു. വേദം ധാർമ്മിക മൂല്യങ്ങൾ തരുന്നുണ്ടെന്ന് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. " ഗുജറാത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ഉൾപ്പെടുത്തി. ഇത് കർണാടകയിലും ചർച്ച ചെയ്യുമെന്ന് ഞങ്ങളുടെ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് എന്ത് വിശദാംശങ്ങളാണ് പുറത്തുവിടുന്നതെന്ന് നോക്കാം " മുഖ്യമന്ത്രി പറഞ്ഞു.
2022-23 അധ്യയന വർഷം മുതൽ സംസ്ഥാനത്തുടനീളമുള്ള 6 മുതൽ 12 വരെ ക്ലാസുകളിലെ സ്കൂൾ സിലബസിന്റെ ഭാഗമായി ഭഗവദ്ഗീതയെ അവതരിപ്പിക്കുമെന്ന് ബിജെപി ഭരിക്കുന്ന ഗുജറാത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ പുതിയ വിദ്യാഭ്യാസ നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സംസ്‌കാരവും വിജ്ഞാന സംവിധാനവും ഉൾപ്പെടുത്തുന്നതിനായാണ് ഭഗവദ് ഗീതയിലെ മൂല്യങ്ങളും തത്വങ്ങളും പഠിപ്പിക്കുകയെന്ന് ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ജിതു വഘാനി പറഞ്ഞു.
ഭഗവദ്ഗീതയുടെ പ്രസക്തിയും പ്രാധാന്യവും ഓരോ വിദ്യാർത്ഥിയേയും മനസിലാക്കേണ്ടതുണ്ട്. ഉപന്യാസങ്ങളുടേയും ശ്ലോകങ്ങളുടേയും ക്വിസുകളുടേയും മറ്റും രൂപത്തിൽ ഗീതയെ വിദ്യാർത്ഥികൾക്ക് മുന്നിൽ സമഗ്രമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ഭഗവദ്ഗീത കഥകളുടെ രൂപത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ ഒൻപതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി വിശദമായ വ്യാഖ്യാനങ്ങൾക്കൊപ്പമാണ് ഗീത അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications