'വിവാഹം കഴിഞ്ഞാലും മകള്‍ മകള്‍ തന്നെയാണ്..'; കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: വിവാഹിതരായ ആൺമക്കളെപ്പോലെ, വിവാഹിതരായ പെൺമക്കളും മുൻ സൈനിക ഉദ്യോഗസ്ഥരുടെ മക്കൾക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് കർണാടക ഹൈക്കോടതി.
സൈനിക് വെൽഫെയർ ബോർഡ് മാർഗനിർദേശം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ മകനായി തുടരുന്നു, എങ്കിൽ മകളും എന്നും മകൾ തന്നെയാണ് എന്ന് കോടതി പറഞ്ഞു.

വിവാഹിതനോ അവിവാഹിതനോ ആയാലും മകൻ ഒരു മകനായി തുടരുകയാണെങ്കിൽ, മകൾ വിവാഹിതയായോ അവിവാഹിതയായോ ആണെങ്കിലലും മകളായി തുടരുമെന്നും . വിവാഹം എന്ന പ്രവൃത്തി മകന്റെ നില മാറ്റുന്നില്ലെങ്കിൽ; വിവാഹം എന്ന പ്രവൃത്തിക്ക് മകളുടെ പദവി മാറ്റാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ജനുവരി 2ന് ഉത്തരവിട്ടിരുന്നു.
സേനകളിലെ ലിംഗ സമവാക്യങ്ങൾ മാറുന്നതിനാൽ മുൻ പ്രതിരോധ ഉദ്യോഗസ്ഥരെ മുൻ സൈനികർ എന്ന് പരാമർശിക്കുന്നത് നിർത്താനും വിമുക്ത ഭടന്മാരുടെ ലിംഗ-നിഷ്പക്ഷ നാമകരണം പരിഗണിക്കാനും ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2001ൽ ഓപറേഷൻ പരാക്രമിനിടെ ജീവൻ നഷ്ടമായ സുബേദാർ രമേഷ് ഖണ്ഡപ്പയുടെ മകൾ പ്രിയങ്ക പാട്ടീലിൻറെ ഹരജിയിലാണ് കോടതി വിധി. സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചതിനെ തുടർന്ന് 2021ലാണ് പ്രിയങ്ക കോടതിയെ സമീപിച്ചത്. വിവാഹിതയാണെന്ന കാരണം പറഞ്ഞാണ് പ്രിയങ്കയ്ക്ക് സൈനിക് വെൽഫെയർ ബോർഡ് ആശ്രിത കാർഡ് നിഷേധിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ആനുകൂല്യങ്ങൾ, ക്ഷേമ പദ്ധതികൾ, അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി നൽകുന്ന തിരിച്ചറിയൽ കാർഡാണ് ഇതു.
അച്ഛൻ മരിക്കുമ്പോൾ പ്രിയങ്കയ്ക്ക് 10 വയസ്സായിരുന്നു പ്രായം. 2020ൽ കർണാടകയിലെ സർക്കാർ കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ സംവരണം ലഭിക്കാൻ ആശ്രിത കാർഡ് ഉപയോഗിക്കാൻ പ്രിയങ്ക ആഗ്രഹിച്ചു. എന്നാൽ വിവാഹിതയാണെന്ന കാരണം പറഞ്ഞ് സൈനിക് വെൽഫെയർ ബോർഡ് ഇത് നിഷേധിക്കുകയായിരുന്നു. ഈ തീരുമാനം സമത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹിതകളെ ഒഴിവാക്കുന്നത് പതിറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന വാർപ്പുമാതൃകയുടെ ഭാഗം ആണെന്നും അത് തുടരാൻ അനുവദിച്ചാൽ സ്ത്രീകളുടെ സമത്വത്തിലേക്കുള്ള യാത്രയെ അത് തടസ്സപ്പെടുത്തുമെന്നുമാണ് ജസ്റ്റിസ് നാഗപ്രസന്ന നിരീക്ഷിച്ചു.












Click it and Unblock the Notifications