ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ല; നിരോധിക്കണമെന്ന് ഹര്‍ജി... പറ്റില്ലെന്ന് കോടതി, പക്ഷേ, അമിത ശബ്ദം വേണ്ട
ബെംഗളൂരു: മുസ്ലിം പള്ളികളില്‍ നിന്ന് പ്രാര്‍ഥനാ സമയം അറിയിക്കാനുള്ള ബാങ്ക് വിളിയുടെ ഉള്ളടക്കം ശരിയല്ലെന്നും നിരോധിക്കണമെന്നും ഹര്‍ജി. ബെംഗളൂരു സ്വദേശിയായ ചന്ദ്രശേഖര്‍ ആര്‍ ബാങ്ക് വിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
എല്ലാവര്‍ക്കും മതവിശ്വാസത്തിന് അവകാശമുണ്ടെന്നും അത് പ്രചരിപ്പിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് രാത്രിയില്‍ വലിയ ബഹളത്തില്‍ ശബ്ദമുണ്ടാക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി....

മുസ്ലിം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളി നിരോധിക്കണമെന്നായിരുന്നു പൊതുതാല്‍പ്പര്യ ഹര്‍ജി. ബാങ്കിന്റെ ഉള്ളടക്കം ശരിയല്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാാട്ടിയിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളി. ഇന്ത്യന്‍ ഭരണഘടന മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. എങ്കിലും സര്‍ക്കാരിന് ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കുകയും ചെയ്തു.

രാത്രി പത്ത് മണിക്കും രാവിലെ ആറ് മണിക്കുമിടയില്‍ പരിധി വിട്ട ശബ്ദത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നത് തടയണമെന്നു കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദ പരിധി നിര്‍ണയിച്ചിട്ടുണ്ട്. ഈ പരിധി ലംഘിക്കുന്നില്ല എന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബാങ്ക് വിളി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകളും ആംബ്ലിഫയറുകളും പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കിയത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 എന്നിവ ഉദ്ധരിച്ചാണ് ഹൈക്കോടതി ചന്ദ്രശേഖറിന്റെ ഹര്‍ജി തള്ളിയത്. മതം വിശ്വസിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാന ഭംഗം ഉള്‍പ്പെടെയുള്ള വിഷയങ്ങളുണ്ടാകുമ്പോള്‍ മാത്രമാണ് നിയന്ത്രണം. പരാതിക്കാരനും മതം വിശ്വസിക്കാനും അതുപ്രകാരം ജീവിക്കാനും അവകാശമുണ്ടെന്നും കോടതി വിശദീകരിച്ചു.

ബാങ്കിന്റെ ഉള്ളടക്കം പരാതിക്കാരന്റെ മൗലികാവകാശം ലംഘിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 2000ത്തിലെ ശബ്ദ മലിനീകരണ നിയന്ത്രണ നിയമം ലംഘിക്കപ്പെടുന്നില്ല എന്ന് ഉറപ്പിക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ബാങ്ക് വിളി നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ പല സംസ്ഥാനങ്ങളിലും ആവശ്യം ഉയര്‍ത്തുന്നതിനിടെയാണ് കര്‍ണാടക ഹൈക്കോടതി വിധി വന്നിരിക്കുന്നത് എന്നതും എടുത്തുപറയേണ്ടതാണ്.

മുസ്ലിം പള്ളികളില്‍ നിന്ന് അഞ്ച് നേരമാണ് ബാങ്ക് വിളിക്കുക. ഉത്തര്‍ പ്രദേശിലും മഹാരാഷ്ട്രയിലും ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ശബ്ദം നിയന്ത്രിക്കുകയാണ് രണ്ടു സംസ്ഥാനങ്ങളിലും ചെയ്തത്. ബാങ്ക് വിളി നിരോധിച്ചില്ലെങ്കില്‍ പള്ളികള്‍ക്ക് മുമ്പില്‍ ഹനുമാന്‍ ചാലിസ നടത്തുമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ പ്രഖ്യാപനം വലിയ വിവാദമായിരുന്നു.












Click it and Unblock the Notifications