Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ വിജയം പിടിച്ചു, ഇനിയാണ് കോണ്‍ഗ്രസ് ശരിക്കും വിയർക്കുക: ആര് മുഖ്യന്‍, സർപ്രൈസ് എന്‍ട്രിയോ

ബെംഗളുരൂ: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആകെയുള്ള 224 മണ്ഡലങ്ങളില്‍ 135 ലും കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ ലീഡ് ചെയ്യുകയാണ്. നിലവിലെ ഭരണ കക്ഷിയായ ബി ജെ പി 65 സീറ്റുകളുമായി ഏറെ പിന്നിലേക്ക് പോയപ്പോള്‍ ജെ ഡി എസ് 20 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അധികാരം ഉറപ്പിച്ചതോടെ കോണ്‍ഗ്രസ് ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കും.

മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹികളായി നിരവധി നേതാക്കള്‍ ഉള്ളതിനാല്‍ തന്നെ ആരേയും ഉയർത്തിക്കാട്ടാതെയായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും തിരഞ്ഞെടുപ്പിന് ശേഷം എം എല്‍ എമാർ ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നുമായിരുന്നു എ ഐ സി സി നിലപാട്. ആദ്യഘട്ടമായ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കിയതോടെ കോണ്‍ഗ്രസ് ഇനി മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടക്കും.

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന പ്രമുഖ നേതാക്കള്‍. മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹം ഉണ്ടെങ്കിലും എം എല്‍ എമാരുടെ പിന്തുണ ലഭിക്കാന്‍ ഇടയില്ല. ദളിത് പരിഗണന വെച്ച് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന അവകാശ വാദം ഉയർത്തി പരമേശ്വര മുഖ്യമന്ത്രി അല്ലെങ്കില്‍ ഒരു ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ട്.

Karnataka Result

സിദ്ധരാമയ്യ

കർണാടക കോണ്‍ഗ്രസിലെ ഏറ്റവും ജനകീയനായ നേതാവാണ് സിദ്ധരാമയ്യ. 2013 ല്‍ കോണ്‍ഗ്രസ് അധികാരം നേടിയപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നേതൃത്വം പരിഗണിച്ച രണ്ട് പേരുകാരില്‍ ഒരാളായിരുന്നു മുന്‍ ജെ ഡി എസ് നേതാവ് കൂടിയായ സിദ്ധരാമയ്യ, രണ്ടാമത്തെയാള്‍ ഇന്നത്തെ എ ഐ സി സി നേതാവ് മല്ലികാർജ്ജുന്‍ ഖാർഗെയായിരുന്നു. അന്ന് കൂടുതല്‍ എം എല്‍ എമാരെ തനിക്കൊപ്പം നിർത്തി മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കാന്‍ സിദ്ധരാമയ്യക്ക് സാധിച്ചു.

എം എല്‍ എമാർ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന നയം എ ഐ സി സി എടുത്താല്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി കസേരയിലേക്ക് സിദ്ധരാമയ്യ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. നൂറോളം എം എല്‍ എമാരുടെ പിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ മോഹം പരസ്യമായി തന്നെ നിരവധി തവണ വ്യക്തമാക്കിയ നേതാവ് കൂടിയാണ് സിദ്ധരാമയ്യ.

Karnataka Result

ഡികെ ശിവകുമാർ

കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടറാണ് ഡികെ ശിവകുമാർ. വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയായ കെ പി സി സി അധ്യക്ഷന്റെ കീഴിലാണ് തിരഞ്ഞെടുപ്പില്‍ പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചത്. സിദ്ധരാമയ്യക്ക് ജനകീയതയാണ് കരുത്തെങ്കില്‍ ഡികെയുടെ കരുത്ത് സംഘാടന മികവാണ്. സിദ്ധരാമയ്യ മുഖമന്ത്രി പദവിയില്‍ ഒരിക്കല്‍ ഇരുന്ന വ്യക്തിയായതിനാല്‍ തന്നെ ഇത്തവണ തനിക്ക് അർഹതയുണ്ടെന്നാണ് ഡികെ ശിവകുമാർ വ്യക്തമാക്കുന്നത്.

ഗാന്ധി കുടുംബത്തിലും പാർട്ടി നേതൃത്വത്തിലും ഡികെ ശിവകുമാറിന് ശക്തമായ സ്വാധീനം ഉണ്ടെങ്കിലും എത്ര എം എല്‍ എമാർ അദ്ദേഹത്തോടൊപ്പം നില്‍ക്കും എന്നതാണ് കണ്ടറിയേണ്ടത്. കൂടുതല്‍ എം എല്‍ എമാർ പിന്തുണയ്ക്കുന്നവർ മുഖ്യമന്ത്രിയാവട്ടെ എന്ന നിലപാടില്‍ എ ഐ സി സി ഉറച്ച് നില്‍ക്കുകയാണെങ്കില്‍ അത് ഡികെ ശിവകുമാറിന് തിരിച്ചടിയാവും. നേതാക്കള്‍ അനുകൂല നിലപാട് സ്വീകരിക്കും എന്നതിലാണ് ഡികെ ശിവകുമാറിന്റെ പ്രതീക്ഷ.

ജി പരമേശ്വര

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി താനുമുണ്ടാവുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ച നേതാവാണ് ജി പരമേശ്വര. തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിന് ശേഷം അടുത്ത മുഖ്യമന്ത്രിയെ പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് അഞ്ച് തവണ എംഎൽഎയായ അദ്ദേഹം പറഞ്ഞു. അവസരം ലഭിച്ചാൽ താൻ തയ്യാറാണെന്ന് വോട്ടെണ്ണല്‍ ദിനത്തിലും അദ്ദേഹം ആവർത്തിച്ചു.

"ഞങ്ങൾ ഒരാളുടെ ജാതിയുടെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിയെ നിയമിക്കുന്നത്; ഈ സാഹചര്യത്തിൽ ആർക്കെങ്കിലും കഴിവുണ്ടോ, പാർട്ടിയുടെ ദൗത്യവും തത്വങ്ങളും നിറവേറ്റാൻ കഴിവുള്ള ആരായാലും, അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്, ആരെങ്കിലും ദളിതനാണോ മറ്റ് ജാതിയിൽപ്പെട്ടവനാണോ എന്നതിന്റെ അടിസ്ഥാനത്തിലല്ല' പരമേശ്വര പറഞ്ഞു. എന്നാല്‍ ദളിത് കാർഡ് ഉയർത്തി തന്നെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശ വാദം ശക്തമാക്കുന്നത്.

എച്ച്‌ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ കാലത്ത് ഉപമുഖ്യമന്ത്രി കൂടിയായിരുന്നു പരമേശ്വര. ഏറ്റവും കൂടുതൽ കാലം കെപിസിസി തലവനായ അദ്ദേഹം (എട്ട് വർഷം) അഡ്‌ലെയ്ഡ് സർവകലാശാലയിലെ വെയ്റ്റ് അഗ്രികൾച്ചർ റിസർച്ച് സെന്ററിൽ നിന്ന് പ്ലാന്റ് ഫിസിയോളജിയിൽ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.

Karnataka Result

ഖാർഗെ

വിദൂര സാധ്യതയാണെങ്കിലും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പേരും ഈ പട്ടികയിലുണ്ട്. തർക്കം മുറുകിയാല്‍ സമവായ സ്ഥാനാർത്ഥിയായി അദ്ദേഹം എത്തിയേക്കും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ തന്നെയാണ് അദ്ദേഹത്തിന്റെ പേര് ഈ ചർച്ചകളിലേക്ക് വലിച്ചിട്ടത്. ഖാർഗെ മുഖ്യമന്ത്രിയായാല്‍ അദ്ദേഹത്തിന് കീഴില്‍ പ്രവർത്തിക്കാന്‍ തയ്യാറാണെന്നായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്.

'അദ്ദേഹത്തിന്റെ സീനിയോറിറ്റിയെയും ത്യാഗത്തെയും നമ്മൾ മാനിക്കണം. അദ്ദേഹം കർണാടക മുഖ്യമന്ത്രിയായാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്'- ഡികെ ശിവകുമാർ പറഞ്ഞു. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഒരു മുതൽക്കൂട്ടാണ് ഖാർഗെ. പാർട്ടി എടുക്കുന്ന ഏത് തീരുമാനവും ഞാൻ അനുസരിക്കും. അർദ്ധരാത്രിയോടെ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചു. ബ്ലോക്ക് നേതാവിൽ നിന്ന് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായെന്നും ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ രണ്ട് തവണ ഖാർഗെയെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും 2008-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനാലും 2013-ൽ സിദ്ധരാമയ്യക്കൊപ്പം എംഎല്‍എമാർ നിലയുറപ്പിച്ചതിനാലും അവസരങ്ങള്‍ നഷ്ടമായി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ഒരു ദളിത് മുഖ്യമന്ത്രിയെ നിയമിച്ചേക്കുമെന്ന് പാർട്ടിക്കുള്ളിലെ ചർച്ചകൾക്കിടയിലാണ് ഖാർഗെയുടെ പേരും ചർച്ചകളില്‍ സജീവമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+