കൈക്കൂലി കൊടുക്കാനായി ദരിദ്രയായ വീട്ടമ്മ കിഡ്‌നി വിറ്റു
ബെംഗലൂരൂ: കൈക്കൂലി കൊടുക്കാനായി വീട്ടമ്മ കിഡ്‌നി വിറ്റതായി റിപ്പോര്‍ട്ട്. കര്‍ണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം താലൂക്കില്‍ നിന്നാണ് ആരെയും ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിക്കതയ്യമ്മ (55) എന്ന സ്ത്രീ താന്‍ കൈക്കൂലി കൊടുക്കാനായി വൃക്ക വിറ്റെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.
റവന്യൂ ഉദ്യോഗസ്ഥരാണ് സ്ത്രീയില്‍ നിന്നും കൈക്കൂലി വാങ്ങിയത്. ഇവരുടെ പിതാവിന്റെ പേരില്‍ മൈസൂരില്‍ 15 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. പിതാവിന്റെ മരണശേഷം ഭൂമി അന്യാധീനപ്പെട്ടു. പലരും സ്ഥലം കൈക്കലാക്കുന്ന അവസ്ഥ വന്നതോടെ ദരിദ്ര കുടുബാംഗമായ ചിക്കതയ്യമ്മ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചു.

വ്യക്തമായ രേഖകളുണ്ടായിരുന്നെങ്കിലും സ്ഥലം കൈയ്യേറിയവരെ ഒഴിപ്പിക്കാനും സ്ത്രീയുടെ പേരില്‍ സ്ഥലം പോക്കുവരവ് നടത്താനും ഒരു ലക്ഷത്തിനടുത്ത് കൈക്കൂലിയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തുക കുറയ്ക്കണമെന്ന് പറഞ്ഞ് അവര്‍ കേണപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയില്‍ ഇളവു നല്‍കാന്‍ തയ്യാറായില്ല.
ഇതോടെയാണ് കുടുംബത്തിന്റെ നന്മയെ കരുതി വൃക്കവിറ്റ് പണമുണ്ടാക്കാന്‍ സ്ത്രീ തയ്യാറായത്. വൃക്കവിറ്റ് ആവശ്യപ്പെട്ട പണം നല്‍കിയശേഷം റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം സ്ത്രീയുടെ പേരിലാക്കുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവം പുറത്തറിഞ്ഞയുടന്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരെന്നു കണ്ടാല്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ലോകായുക്ത ജസ്റ്റീസ് ഡോ. വൈ ഭാസ്‌കര്‍ റാവു പറഞ്ഞു.












Click it and Unblock the Notifications