വിവാദ പരാമർശം, പ്രതിഷേധം ഉയർന്നതോടെ ഖേദപ്രകടനം; പിന്നാലെ ഒളിവിൽ ..ഒടുവിൽ കസ്തൂരിയുടെ അറസ്റ്റ്
വിവാദ പ്രതികരണങ്ങളുടെ പേരിൽ മുൻപും നടി കസ്തൂരി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് അവർ അറസ്റ്റിലാകുന്നത്. തെലുങ്ക് സമൂഹത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിലാണ് നടിയുടെ അറസ്റ്റ്. ശനിയാഴ്ച രാത്രി ഹൈദരാബാദിൽ വെച്ചാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിന്റെ നാൾവഴികൾ ഇങ്ങനെ
ബ്രാഹ്മണ സമുദായത്തിനെതിരെ നടക്കുന്ന അപകീർത്തികരമായ പ്രസ്താവനയിൽ അപലപിച്ച് ചെന്നൈ എഗ്മോറിൽ നവംബർ 3 ന് നടന്ന പ്രതിഷേധ പരിപാടിയിൽ വെച്ചായിരുന്നു നടി കസ്തൂരി തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയത്. രാജാക്കന്‍മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പ്രസ്താവനയ്ക്കെതിരെ തെലുങ്ക് സമൂഹത്തിൽ നിന്നും പ്രതിഷേധം കടുത്തു. ആന്ധ്രയിലും തെലുങ്കാനയിലും തെലുങ്ക് സംഘടനകൾ രംഗത്തെത്തി.

പിന്നാലെ നവംബർ 5 ന് നടി എക്സിലൂടെ ഖേദം പ്രകടിപ്പിച്ചു. തെലുങ്കു സമൂഹത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യം വെച്ചായിരുന്നില്ല തന്റെ പ്രസ്താവനയെന്നും ചില വ്യക്തികളെ ഉദ്ദേശിച്ച് മാത്രമായിരുന്നുവെന്നും നടി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്നും നടി എക്സിൽ കുറിച്ചു. എന്നിട്ടും വിവാദം കെട്ടടിങ്ങിയില്ല. ഇതിനിടയിൽ നവംബർ ആറിന് ആൾ ഇന്ത്യ തെലുഗു ഫെഡറേഷൻ നടിക്കെതിരെ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കസ്തൂരിക്കെതിരെ എഗ്മോർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നവംബർ ആറിന് നടി തന്റെ വീട്ടിൽ വെച്ച് ഒരു പത്രസമ്മേളനം വിളിച്ച് ചേർത്തു.
തന്റെ പരാമർശം മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് കസ്തൂരി പത്രസമ്മേളനത്തിൽ വിശദീകരിച്ചു. താനും കുടുംബവും തമിഴിനെയും തെലുങ്കിനെയും രണ്ട് കണ്ണുകളായി കാണുന്നുവെന്നും അമ്മായിയമ്മയുടെ കുടുംബം തെലുങ്ക് സംസാരിക്കുന്നവരാണ്, അവർ തന്നെ അവരിൽ ഒരാളായി അംഗീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഇനിയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം നടിക്കെതിരായ പ്രതിഷേധം പിന്നാലെ കൂടുതൽ ശക്തമാകുകയായിരുന്നു. വിവിധ ഇടങ്ങളിലായി കൂടുതൽ പരാതികൾ നടിക്കെതിരെ ഉയരുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ അറസ്റ്റ് ഭയന്ന് നടി മുൻകൂർ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നവംബർ 11 നായിരുന്നു നടി കോടതിയെ സമീപിച്ചത്.
ഇതിനിടയിൽ നവംബർ 12 നടിയെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയെങ്കിലും അവർ അവിടെ ഉണ്ടായിരുന്നില്ല. നടി ഒളിവിൽ പോയതായും ഫോണിൽ ബന്ധപ്പെടാൻ സാധിക്കില്ലെന്നും പോലീസ് അറിയിച്ചു.
അതേസമയം 14 ന് കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടി അവരുടെ ഹർജി തളഅളി.ഗുരുതരമായ പ്രസ്താവന നടത്തിയിട്ട് അതിൽ ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും നടിയുടേത് വിദ്വേഷ പ്രസംഗം തന്നെ ആയിരുന്നുവെന്നും കോടതി പറഞ്ഞു. പ്രമുഖർ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനല്ല ശ്രമിക്കേണ്ടതെന്നും ഏത് വിഷയത്തിലും പ്രതികരിക്കുമ്പോൾ രണ്ട് തവണയെങ്കിലും ആലോചിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മുൻകൂർ ജാമ്യം തള്ളിയതോടെ നടിക്കെതിരായ തിരച്ചിൽ പോലീസ് ഊർജിതമാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് തമിഴ്നാട് പൊലീസ് ഹൈദരാബാദിലെ ഒരു നിർമാതാവിന്റെ വീട്ടിൽ നിന്ന് കസ്തൂരിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെത്തിച്ച ശേഷം നടിയ മജിസ്ട്രട്ടിനു മുന്നിൽ ഹാജരാക്കും.












Click it and Unblock the Notifications