കത്വയിലെ മുസ്ലിംകളെ പുറത്താക്കാന്‍ ശ്രമം; പ്രതികളുടെ അഭിഭാഷകന്റെ ഗൂഢനീക്കം പുറത്ത്, വീണ്ടും ക്രൂരത
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസുള്ള മുസ്ലിം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം ലോകാടിസ്ഥാനത്തില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദേശരാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും പ്രതിഷേധം നേരിടേണ്ടി വന്ന ഈ സംഭവം മൊത്തം ഇന്ത്യക്കാര്‍ക്ക് മാനഹാനിയുണ്ടാക്കുന്നതാണ്. കത്വയിലെ മുസ്ലിംകളെ പ്രദേശത്ത് നിന്ന് ഓടിക്കാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പൈശാചികമായി പീഡിപ്പിച്ചതും കൊലപ്പെടുത്തിയതുമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്റെ ഗൂഢനീക്കങ്ങളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രദേശത്തെ മുസ്ലിംകളെ അവിടെ നിന്ന് ഓടിക്കാന്‍ വേണ്ട പദ്ധതികളാണ് അഭിഭാഷകന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ തെളിവായുള്ള വീഡിയോ കശ്മീരിലെ മാധ്യമപ്രവര്‍ത്തകന്‍ പുറത്തുവിട്ടു...

മു്സ്ലിംകളെ ബഹിഷ്‌കരിക്കണം
കത്വയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട പ്രദേശത്ത് മുസ്ലിംകള്‍ ന്യൂനപക്ഷമാണ്. അവരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രതികളുടെ അഭിഭാഷകന്‍ ആങ്കുര്‍ ശര്‍മ. നേരത്തെ, കേസ് അന്വേഷിച്ച സംഘത്തിലെ വനിതാ പോലീസ് ഓഫീസര്‍ക്കെതിരെ ഈ അഭിഭാഷകന്‍ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിംകള്‍ക്കും ഗുജ്ജാറുകള്‍ക്കുമെതിരെ അദ്ദേഹം നീക്കം നടത്തുന്നത്.

മുസ്ലിംകളെ താമസിക്കാന്‍ അനുവദിക്കരുത്
മുസ്ലിംകളെ പോലെ തന്നെ ഗുജ്ജാറുകളും പ്രദേശത്ത് ന്യൂനപക്ഷമാണ്. ഇരുവിഭാഗത്തെയും മേഖയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്ന് അഭിഭാഷകന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുന്നതാണ് വീഡിയോ. മുസ്ലിംകളെ ബഹിഷ്‌കരിക്കണം. അവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയോ അവര്‍ക്ക് സാധനങ്ങള്‍ വില്‍ക്കുകയോ ചെയ്യരുതെന്നും അഭിഭാഷന്‍ ഹിന്ദുക്കളോട് ആവശ്യപ്പെട്ടു.

ഭൂമി വില്‍ക്കരുത്
പ്രദേശത്ത് ഹിന്ദുക്കള്‍ക്ക് മാത്രമേ ഭൂമി വില്‍ക്കാന്‍ പാടുള്ളൂ. മുസ്ലിംകള്‍ ഭൂമി വാങ്ങാന്‍ വന്നാല്‍ കൈമാറരുത്. മാത്രമല്ല, മുസ്ലിംകളുടെ കടകളില്‍ നിന്ന് പാലും മറ്റു അവശ്യവസ്തുക്കളും വാങ്ങരുത്. അവരെ പൂര്‍ണമായും ബഹിഷ്‌കരിക്കണം. അങ്ങനെ സമ്മര്‍ദ്ദം ചെലുത്തി മുസ്ലിംകളെ പ്രദേശത്ത് നിന്നു തുരത്തണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെടുന്നത്.

വീഡിയോ പ്രചരിക്കുന്നു
ഗ്രേറ്റര്‍ കശ്മീര്‍ പത്രത്തിന്റെ ലേഖകന്‍ ആണ് അഭിഭാഷകന്റെ വീഡിയോ ഉദ്ധരിച്ച് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഏഴ് മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. ഇയാള്‍ ഒരുകൂട്ടം ഹിന്ദുക്കളോട് സംസാരിക്കുന്നതാണ് വീഡിയോ. അഭിഭാഷകന്റെ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications