കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് കെസിയും മാക്കനും, ഞായറാഴ്ച്ച സംസ്ഥാന സമിതിയിലെത്തും
ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ടുമായുള്ള ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ നേതാക്കളെയും കാണാന്‍ തീരുമാനം. ഞായറാഴ്ച്ച എംഎല്‍എമാരെ അടക്കം കാണുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം സച്ചിന്‍ പൈലറ്റിന് നിര്‍ണായക പദവികള്‍ നല്‍കുന്നതിനാണ് കെസി വേണുഗോപാലും അജയ് മാക്കനും രാജസ്ഥാനിലെത്തിയത്. ഗെലോട്ടുമായി അത്താഴ ഭക്ഷണത്തിനൊപ്പം ചര്‍ച്ചകളും നടക്കും.

നേരത്തെ തന്നെ മന്ത്രിസഭാ പുനസംഘടന രാജസ്ഥാനില്‍ നടക്കാതിരുന്നതില്‍ കലിപ്പിലായിരുന്നു സച്ചിന്‍ പൈലറ്റ്. രാഹുലിനെയും പ്രിയങ്കയെയും കണ്ട് സമ്മര്‍ദം ചെലുത്തിയിരുന്നു അദ്ദേഹം. പഞ്ചാബിലെ പ്രശ്‌നം പരിഹരിച്ചതോടെ രാജസ്ഥാനിലും ഇടപെടാമെന്ന് ഗാന്ധി കുടുംബം ഉറപ്പ് നല്‍കുകയായിരുന്നു. ഇതോടെ അശോക് ഗെലോട്ടിന് ഇതിന് യോജിക്കേണ്ടി വന്നു. എന്നാല്‍ എത്ര മന്ത്രിസ്ഥാനം സച്ചിന്‍ പക്ഷത്തിന് നല്‍കുമെന്ന ചോദ്യമാണ് ബാക്കിയുള്ളത്. ഒമ്പത് ഒഴിവുകളാണ് ഉള്ളത്. ആറെണ്ണമെങ്കിലും സച്ചിന്‍ പക്ഷം ആവശ്യപ്പെടുന്നുണ്ട്.
അതേസമയം ബിഎസ്പിയില്‍ നിന്ന് വന്ന എംഎല്‍എമാര്‍ അടക്കം സച്ചിന്‍ പക്ഷത്തിന് മന്ത്രിസ്ഥാനം നല്‍കുന്നതിനെ എതിര്‍ക്കുന്നുണ്ട്. സ്വതന്ത്രര്‍ക്കും മറ്റ് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഗെലോട്ടിന്റെ ശ്രമം. എംഎല്‍എമാരും മന്ത്രിമാരും അടക്കം നാളെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും. ഇവിടേക്കാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളെത്തുക. എന്നാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര പറഞ്ഞു.
വേണുഗോപാലും മാക്കനും ഗെലോട്ടിന്റെ വീട്ടിലെത്തിയാണ് മന്ത്രിസഭാ പുനസംഘടനയെ കുറിച്ച് സംസാരിച്ചത്. രാഷ്ട്രീയ നിയമനങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്. രാജസ്ഥാനിലെ സര്‍വ പ്രശ്‌നങ്ങളും ഇതോടെ തീര്‍ക്കണമെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. എന്നാല്‍ മന്ത്രിസ്ഥാനം കുറഞ്ഞാല്‍ അത് മറ്റൊരു പ്രശ്‌നത്തിനായിരിക്കും വഴിവെക്കുക. വളരെ സൂക്ഷിച്ചാണ് അതുകൊണ്ട് തന്നെ ഹൈക്കമാന്‍ഡ് കാര്യങ്ങള്‍ തീര്‍ക്കുന്നത്. സച്ചിനോട് ദേശീയ തലത്തിലേക്ക് വരാനുള്ള ആഗ്രഹത്തെ കുറിച്ചും ചോദിക്കാനാണ് സാധ്യത.












Click it and Unblock the Notifications