വാജു ഭായിയേയും വെല്ലും ഈ ബൊപ്പയ്യ!!! യെദ്യൂരപ്പയുടെ സ്വന്തം പ്രോടേം സ്പീക്കര്‍... ഭരണം പിടിക്കുമോ?
ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമായ വിആര്‍ ദേശ് പാണ്ഡെയെ മറികടന്നാണ് ഗവര്‍ണര്‍ കെജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കര്‍ ആയി നിയമിച്ചത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാരില്‍ യെദ്യൂരപ്പയുടെ ഏറ്റവും വിശ്വസ്തനും ബൊപ്പയ്യ തന്നെ ആണ്. ആദ്യമായി കര്‍ണാടകത്തില്‍ ബിജെപി അധികാരത്തില്‍ എത്തിയപ്പോഴും സ്പീക്കര്‍ സ്ഥാനം ബൊപ്പയ്ക്ക് തന്നെ ആയിരുന്നു.
റെഡ്ഡി സഹോദരന്മാരുടെ ഖനി അഴിമതി വിവാദത്തില്‍ യെദ്യൂരപ്പ അടിമുടി കുടുങ്ങിക്കിടക്കുമ്പോഴും സഹായത്തിനുണ്ടായിരുന്നത് സ്പീക്കര്‍ ആയിരുന്ന ബൊപ്പയ്യ ആയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വിമത സ്വരം ഉയര്‍ത്തിയ 11 എംഎല്‍എമാരേയും അഞ്ച് സ്വതന്ത്ര എംഎല്‍എമാരേയും അയോഗ്യരാക്കിയിട്ടായിരുന്നു അന്ന് ബൊപ്പയ്യ യെദ്യൂരപ്പയെ ഭരണം തുടരാന്‍ സഹായിച്ചത്.
2010 ല്‍ ആയിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ ഇതിന്റെ പേരില്‍ സുപ്രീം കോടതിയുടെ വിമര്‍ശനവും ബൊപ്പയ്യക്ക് അന്ന് ഏറ്റുവാങ്ങേണ്ടി വന്നു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി അന്ന് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. യെദ്യൂരപ്പയോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ മാത്രം എംഎല്‍എമാരെ സ്പീക്കര്‍ക്ക് അയോഗ്യരാക്കാന്‍ കഴിയില്ല എന്നായിരുന്നു അന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഇപ്പോള്‍ ബിജെപി ഏറ്റവും നിര്‍ണായകമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും പ്രോടേം സ്പീക്കര്‍ ആയി നിയോഗിച്ചിരിക്കുന്നത് ബൊപ്പയ്യയെ ആണ്. യെദ്യൂരപ്പയ്ക്കും ബിജെപിയ്ക്കും വേണ്ടി ബൊപ്പയ്യ എന്ത് ചെയ്യും എന്ന് മാത്രമാണ് ഇനി അറിയാന്‍ ഉള്ളത്.