പാർലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്റെ ഭീഷണി സന്ദേശം; ലഭിച്ചത് മലയാളി എംപിമാർക്ക്
ഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി സന്ദേശം. സി പി എം രാജ്യസഭാ എംപിമാരായ വി. ശിവദാസിനും എഎ റഹിമിനുമാണ് ഞായറാഴ്ച സന്ദേശം ലഭിച്ചത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള സന്ദേശം വന്നത്. ഇരുവരും ഉടൻതന്നെ ഡൽഹി പോലീസിനെ വിവരമറിയിച്ചു.
ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന സംഘത്തിൽ നിന്നാണ് പേരിലാണ് എംപിമാർക്ക് സന്ദേശം വന്നിരിക്കുന്നത്. സിഖുകാർ ഇന്ത്യയിലെ ജനപ്രതിനിധികൾക്ക് കീഴിൽ സുരക്ഷിതരല്ല. ഖാലിസ്ഥാൻ ഹിതപരിശോധ ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കും എന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. ഖാലിസ്ഥാനെ അനുകൂലിക്കാൻ തയ്യാറായില്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു.

അതേസമയം ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ സുരക്ഷ വർധിപ്പിച്ചേക്കും. എല്ലാതരം സന്ദർശനങ്ങൾക്കും നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ ഇന്ന് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ ഇന്ന് സാമ്പത്തിക സർവെ അവതരിപ്പിക്കും. ചൊവ്വാഴ്ചയാണ് ബജറ്റ് പ്രഖ്യാപനം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണിത്.
ബജറ്റ് സമ്മേളനം പ്രക്ഷുഭ്ദമായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. നീറ്റ് പേപ്പർ ചോർച്ച മുതൽ റെയിൽവേ സുരക്ഷ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം മോദി സർക്കാരിനെതിരെ രംഗത്തെത്തും. ഞായറാഴ്ച സർവ്വകക്ഷി യോഗം ചേർന്നിരുന്നു. ബജറ്റ് സമ്മേശനത്തിൽ സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തേടി. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ സർക്കാർ തടസം നിൽക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ബജറ്റ് സമ്മേളനത്തിന്റെ ഡെപ്യൂട്ടി സ്പീക്കറുടെ കസേര ഒഴിച്ചിടരുതെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ട് വെച്ചു. പ്രതിപക്ഷാംഗങ്ങളെ നിയമിക്കണമെന്നാണ് ആവശ്യം. കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകളോടും വണ്ടികളോടും അവരുടെ ഉടമസ്ഥരുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുന്ന മീററ്റ് സോണിൻ്റെ എഡിജിയുടെ വിവാദ നിർദ്ദേശം പിൻവലിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇത് തീർത്ഥാന വേളയിൽ കലാപത്തിന് കാരണമാകുമെന്ന മുന്നറിയിപ്പാണ് എംപിമാർ നൽകിയത്. കൊടിക്കുന്നിൽ സുരേഷ്, എൻകെ പ്രേമചന്ദ്രൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആന്ധ്രയ്ക്കും ഒഡിഷയ്ക്കും ബിഹാറിനും പ്രത്യേക പദവി വേണമെന്ന് അവിടെ നിന്നുള്ള എംപിമാർ യോഗത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications