രോഹിത്തിന് ഖേല്‍രത്ന, മലയാളി താരം ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ്; കായിക പുരസ്കാരം പ്രഖ്യാപിച്ചു
ദില്ലി: ഈ വര്‍ഷത്തെ ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ ഉള്‍പ്പടെ അഞ്ച് താരങ്ങള്‍ക്ക് കായിക മേഖലയിലെ പരമോന്നത ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം ലഭിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാര അത്ലറ്റ് മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മാണിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്ട് എന്നിവരാണ് ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായ മറ്റ് താരങ്ങള്‍.
ധ്രോണാചാര്യ അവാര്‍ഡിന് 8 പേരാണ് ഇത്തവണ അര്‍ഹരായത്. ധര്‍മേന്ദ്ര തിവാരി (അമ്പെയ്ത്ത്), പുരുഷോത്തം റായി (അത്ലറ്റിക്സ്), ശിവ് സിങ് (ബോക്സിങ്) രമേശ് പത്താനിയ (ഹോക്കി) കൃഷ്ണ കുമാര്‍ ഹൂഡ (കബഡി), വിജയ് ബാലചന്ദ്ര മൂനീശ്വര്‍ (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ (ടെന്നീസ്), പ്രകാശ് ദാഹിയ( ഗുസ്തി) എന്നിവരാണ് ധ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍.
മലയാളി അത്ലിറ്റിക്സ് ജിന്‍സി ഫിലിപ്പ് ഉള്‍പ്പടെ അഞ്ചുപേരാണ് ധ്യാന്‍ചന്ദ് പുരസ്കാരത്തിന് അര്‍ഹരായത്. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിൻസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 2000 സിഡിനി ഒളിബിക്സില്‍ മത്സരിച്ച ജിന്‍സി ബുസാൻ ഏഷ്യൻ ഗെയിംസിൽ റിലേ സ്വർണം നേടിയ റിലേ ടീമില്‍ അംഗമായിരുന്നു.
ക്രിക്കറ്റ് താരങ്ങളായി ഇശാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ എന്നിവരുള്‍പ്പെടെ 29 പേര്‍ അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായി.
അര്‍ജ്ജുന അവാര്‍ഡ് ജേതാക്കള്‍
1. അതാനു ദാസ് (അമ്പെയ്ത്ത്)
2. ശിവ കേശവൻ (ല്യൂജ്)
3. ഡ്യൂട്ടി ചന്ദ് (അത്‌ലറ്റിക്സ്)
4. സത്വിക്സൈരാജ് റാങ്കിറെഡ്ഡി (ബാഡ്മിന്റൺ)
5. ചിരാഗ് ഷെട്ടി (ബാഡ്മിന്റൺ)
6. വിശേഷ് ഭ്രുവുവാൻഷി (ബാസ്കറ്റ്ബോൾ)
7. ഇഷാന്ത് ശർമ (ക്രിക്കറ്റ്)
8. ദീപ്തി ശർമ്മ (ക്രിക്കറ്റ്)
9. ലോവ്ലിന ബോർഗോഹെയ്ൻ (ബോക്സിംഗ്)
10. മനീഷ് കൗശിക് (ബോക്സിംഗ്)
11. സാവന്ത് അജയ് അനന്ത് (കുതിരസവാരി)
12. സന്ധേഷ് ജിംഗൻ (ഫുട്ബോൾ)
13. അദിതി അശോക് (ഗോൾഫ്)
14. ആകാശ്ദീപ് സിംഗ് (ഹോക്കി)
15. ദീപിക താക്കൂർ (ഹോക്കി)
16. ദീപക് നിവാസ് ഹൂഡ (കബഡി)
17. സരിക കാലെ (ഖോ-ഖോ)
18. സുയാഷ് ജാദവ് (പാരാ നീന്തൽ)
19. മനീഷ് നർവാൾ (പാരാ-ഷൂട്ടിംഗ്)
20. സന്ദീപ് ചൗധരി (പാരാ അത്‌ലറ്റിക്സ്)
21. സൗരഭ് ചൗധരി (ഷൂട്ടിംഗ്)
22. മനു ഭാക്കർ (ഷൂട്ടിംഗ്)
23. സനിൽ ഷെട്ടി (ടേബിൾ-ടെന്നീസ്)
24. ഡിവിജ് ശരൺ (ടെന്നീസ്)
25. ദിവ്യ കക്രാൻ (ഗുസ്തി)
26. രാഹുൽ അവെയർ (ഗുസ്തി)
27. സാക്ഷി മാലിക് (ഗുസ്തി)
28. മിരാബായ് ചാനു (ഭാരോദ്വഹനം)
29. ദത്തു ഭോകനാൽ (റോവിംഗ്)
മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്, മുൻ ഹോക്കി ടീം ക്യാപ്റ്റൻ സർദാർ സിംഗ് എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് ഇത്തവണ പുരസ്കാരത്തിനായി താരങ്ങളെ തിരഞ്ഞെടുത്തത്.