കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ എസ്‌റ്റേറ്റില്‍ കവര്‍ച്ചയും കൊലപാതകവും; എല്ലാം റെയ്ഡിന് മുമ്പ്, പിന്നില്‍ ഒരേ ഒരാള്‍...?

ആദായനികുതി വകുപ്പ് റെയ്ഡ് നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റുമുണ്ടായിരുന്നു.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: ജയലളിതയുടെ ഊട്ടി കോടനാട് എസ്‌റ്റേറ്റിലുള്ള വേനല്‍കാല വസതിയില്‍ കഴിഞ്ഞാഴ്ച നടന്നത് കൊള്ളയും കവര്‍ച്ചയുമല്ലെന്ന് വിവരം. കേന്ദ്ര ഏജന്‍സികളുടെ റെയ്ഡ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചില നീക്കങ്ങളാണ്. ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയുടെ അറിവോടെയാണിതെന്നും പോലീസിന് സൂചന ലഭിച്ചു.

ജയലളിതയുടെ എസ്‌റ്റേറ്റ് ആണെന്നാണ് കോടനാട് എസ്‌റ്റേറ്റ് അറിയപ്പെടുന്നതെങ്കിലും 800 ഏകറോളം വരുന്ന ഈ എസ്‌റ്റേറ്റിന് മറ്റു ചില ഉടമകളുമുണ്ട്. ഇവിടെയാണ് ജയലളിതയുടെയുടെ പ്രധാന രഹസ്യരേഖകള്‍ സൂക്ഷിച്ചിരുന്നത്. റെയ്ഡ് വരുംമുമ്പ് ഈ രേഖകള്‍ മാറ്റുകയായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം.

എസ്റ്റേറ്റ് ഒരു കമ്പനിക്ക് കീഴില്‍

ജയലളിതയ്ക്ക് എസ്റ്റേറ്റില്‍ നിശ്ചിത ഓഹരി പങ്കാളിത്തമാണുള്ളത്. എസ്റ്റേറ്റ് ഒരു കമ്പനിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണിത്. കമ്പനിയില്‍ പങ്കാളിത്തമുള്ള മറ്റുള്ളവര്‍ ശശികലയും അവരുടെ സഹോദരീ പുത്രി ഇളവരശിയുമാണ്.

ശശികലയും ഇളവരശിയും ജയിലില്‍

ശശികലയും ഇളവരശിയും അഴിമതിക്കേസില്‍ ബെംഗളൂരു ജയിലിലാണ്. നാല് വര്‍ഷം തടവാണ് ഇവര്‍ക്ക് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. അതിനിടെയാണ് ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അണ്ണാഡിഎംകെ ഔദ്യോഗിക വിഭാഗം പണമെറിഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച പരാതിയും ലഭിച്ചു. തുടര്‍ന്ന് നടന്ന പരിശോധനകളാണ് കോടനാട് മോഷണത്തിലേക്കും കൊലപാതകത്തിലേക്കും എത്തിയത്.

ഓരോ വോട്ടിനും 3000 രൂപ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഓരോ വോട്ടിനും 3000 രൂപ വരെ നല്‍കി സ്ഥാനാര്‍ഥി ടിടിവി ദിനകരന്‍ വോട്ട് പിടിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് അണ്ണാഡിഎംകെ മന്ത്രിസഭയിലെ പ്രധാനിയാണെന്നും വിവരം ലഭിച്ചു.

മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്

തുടര്‍ന്ന് ആദായ നികുതി വകുപ്പ് മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഇവിടെ നിന്ന് ലഭിച്ച രേഖകളിലാണ് മണ്ഡലത്തില്‍ വിതരണം ചെയ്ത പണത്തിന്റെ രഹസ്യങ്ങള്‍ സംബന്ധിച്ച് സൂചന ലഭിച്ചത്.

കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ശ്രമം

മന്ത്രിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്യുകയുമുണ്ടായി. തുടര്‍ന്ന് കൂടുതല്‍ മന്ത്രിമാര്‍ക്കും പാര്‍ട്ടി എംപിമാര്‍ക്കും ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

കോടനാട്ടെ എസ്‌റ്റേറ്റിലും റെയ്ഡ് സാധ്യത

ആദായനികുതി വകുപ്പ് റെയ്ഡ് നടത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജയലളിതയുടെ കോടനാട്ടെ എസ്‌റ്റേറ്റുമുണ്ടായിരുന്നു. ഇവിടെ റെയ്ഡ് നടന്നാല്‍ ജയലളിതയുടെ സ്വത്ത് രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്താവുമെന്ന ആശങ്ക ശശികലയ്ക്കും ഇളവരശിക്കുമുണ്ടായിരുന്നു.

തുടര്‍ന്നാണ് പുതിയ തീരുമാനം

അതുകൊണ്ടാണ് റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ദിവസങ്ങള്‍ക്ക് മുമ്പ് ഏപ്രില്‍ 23ന് രാത്രി ക്വട്ടേഷന്‍ സംഘങ്ങള്‍ മുഖേന രേഖകള്‍ കടത്തിയത്. ജയലളിതയ്ക്കും ശശികലയ്ക്കും മാത്രമാണ് ഇവിടുത്തെ രഹസ്യങ്ങള്‍ അറിയുക.

ജയലളിതയുടെ മുറിയില്‍ കടന്നു

ജയലളിത മരിച്ചു. ബാക്കി വിവരങ്ങള്‍ അറിയാവുന്ന പ്രധാനി ശശികല മാത്രമാണ്. ഇവര്‍ താമസിക്കുന്ന മുറികളിലാണ് കവര്‍ച്ചക്കാര്‍ കയറിയതെന്ന് സംശയിക്കുന്നു. ഈ മുറികളുടെ ജനലുകള്‍ തകര്‍ത്തിട്ടുണ്ട്.

രഹസ്യരേഖകള്‍ സൂക്ഷിച്ച സ്യൂട്ട്‌കേസുകള്‍

ഇവിടെയാണ് രഹസ്യരേഖകള്‍ സൂക്ഷിച്ചിരുന്ന സ്യൂട്ട്‌കേസുകള്‍ വച്ചിരുന്നത്. ഈ സ്യൂട്ട്‌കേസുകള്‍ മോഷണം പോയെന്നാണ് പോലീസും എസ്റ്റേറ്റിലുള്ളവരും നല്‍കുന്ന സൂചന. എന്നാല്‍ എല്ലാം മൂടിവയ്ക്കാനുള്ള ശ്രമങ്ങളും ഒരുഭാഗത്ത് തകൃതിയാണ്.

പല ജീവനക്കാര്‍ക്കും സംഭവത്തില്‍ ബന്ധം


കവര്‍ച്ചാ ശ്രമത്തിനിടെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു കാവല്‍ക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. എസ്റ്റേറ്റില്‍ താമസിക്കുന്ന പല ജീവനക്കാര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു വിവരവും ആരും പുറത്ത് വിടുന്നില്ല.

കനകരാജ് അപകടത്തില്‍ കൊല്ലപ്പെട്ടു

കാവല്‍കാരനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ സേലം സ്വദേശി കനകരാജ് അപകടത്തില്‍ കൊല്ലപ്പെട്ടു. രണ്ടാം പ്രതി സയനും കുടുംബവും യാത്ര ചെയ്യുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അയാളുടെ ഭാര്യയും മകളും മരിച്ചു. ഇതെല്ലാം സംഭവത്തിന്റെ ഗൂഢാലോചനയുള്ളതായി സംശയമുണര്‍ന്നിരുന്നു.

തമിഴ്‌നാട് പോലീസ് പറയുന്നത്

എന്നാല്‍ യാതൊരു ദുരൂഹതകളുമില്ലെന്നാണ് തമിഴ്‌നാട് പോലീസ് പറയുന്നത്. തമിഴ്‌നാട് പോലീസ് കോയമ്പത്തൂര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സയനെ ചോദ്യം ചെയ്തു. ഇയാള്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഇയാള്‍ നല്‍കിയ സൂചനകളാണ് സ്വത്ത് രേഖകള്‍ കടത്തുകയായിരുന്നു കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്ന നിഗമനത്തിലേക്ക് എത്തുന്നത്.

സയനെ വീണ്ടും ചോദ്യം ചെയ്യും

സയനെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമം. എന്നാല്‍ ഇയാളുടെ ഇപ്പോഴത്തെ ആരോഗ്യനില പൂര്‍ണമായി അതിന് പറ്റിയ നിലയിലല്ല. കേസ് ഉന്നതരിലേക്ക് എത്താതിരിക്കാനും നീക്കം നടക്കുന്നുണ്ട്. സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണമാണ് വേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Police Questioned Jayalalitha's Kodanad Estate murder case accused Sayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X