കൊടിക്കുന്നിൽ സുരേഷ് ലോക്സഭ പ്രോ ടേം സ്പീക്കർ; എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് അധ്യക്ഷത വഹിക്കും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എം പിയായ കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലായിരിക്കും എം പിമാരുടെ സത്യപ്രതിജ്ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ കൊടിക്കുന്നിൽ സുരേഷ് സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ ആയിരിക്കും.
പതിനായിരത്തിലേറെ വോട്ടുകൾക്കാണ് 2024 ൽ മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് ജയിച്ചത്. മണ്ഡലത്തിലെ സിറ്റിംഗ് എം പിയായ കൊടിക്കുന്നിൽ പത്താമത്തെ തവണയാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഏഴ് തവണ വിജയിച്ചു. 27 വർഷം ലോക്സഭയിൽ അംഗമായിരുന്നു. 61,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാവേലിക്കരയിൽ നിന്ന് 2019ൽ കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്.

2012 ഒക്ടോബർ 28 ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭ പുനസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായിരുന്നു കൊടിക്കുന്നിൽ സുരേഷ്. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും ലോക്സഭയിൽ അംഗമാണ്. എ ഐ സി സി അംഗമായ കൊടിക്കുന്നിൽ സുരേഷ് കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. 1983 മുതൽ 1997 വരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 1987 മുതൽ 1990 വരെ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ചുമതലയും വഹിച്ചിരുന്നു.
2018 മുതൽ കെ പി സി സി വർക്കിംഗ് വൈസ് പ്രസിഡന്റാണ്. 1998, 2004 വർഷങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി പി ഐയുടെ ചെങ്ങറ സുരേന്ദ്രനോട് പരാജയപ്പെട്ടു. 2009 ലെ തിരഞ്ഞെടുപ്പിൽ മാവേലിക്കര സംവരണ സീറ്റിൽ നിന്ന് വിജയിച്ചുവെങ്കിലും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയന്നും പട്ടിക ജാതിക്കാരനായി കണക്കാക്കാൻ ആവില്ലെന്നും കണ്ടെത്തി ജയം അസാധുവാക്കി ഹാൈക്കോടതി വിധി പുറപ്പെടുവിപ്പിച്ചു. 20111 മേയ് 12 ന് സുപ്രീംകോടതി വിധി അസാധുവാക്കി. പ്രാഥമിക വിദ്യാഭ്യസത്തിന് ശേഷം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി.












Click it and Unblock the Notifications