ലഖിംപൂർ; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ കർഷകരുടെ കുടുംബങ്ങൾ സുപ്രീം കോടതിയിൽ
ദില്ലി; ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച് കർഷരുടെ കുടുംബങ്ങൾ. പ്രതിക്കെതിരായ സുപ്രധാന തെളിവുകൾ അവഗണിച്ചാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് കുടുംബാംഗങ്ങൾ ഹർജിയിൽ പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഹീനമായ സ്വഭാവം പരിഗണിക്കാതെയാണ് പ്രതിക്ക് ജാമ്യം നൽകിയത്. കുറ്റപത്രത്തിൽ പ്രതിക്കെതിരായ ശക്തമായ തെളിവുകൾ, പ്രതിയുടെ സമൂഹത്തിലെ പദവി, പ്രതി വീണ്ടും കുറ്റം ചെയ്യാനുള്ള സാധ്യത, സാക്ഷികളെ കൈയേറ്റം ചെയ്യാനും സ്വാധീനിക്കാനുമുള്ള സാധ്യത, ഇതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും ഹർജിയിൽ പറയുന്നു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാത്തതിനെ തുടർന്നാണ് തങ്ങൾ സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതരായതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ആശിഷ് മിശ്രയയുടെ ജാമ്യത്തെ ചോദ്യം ചെയ്തുള്ള രണ്ടാമത്തെ ഹർജിയാണ് ഇത്. ആശിഷ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യ ഹർജി.അഭിഭാഷകരായ ശിവ് കുമാർ ത്രിപാഠി സിഎസ് പാണ്ഡെ എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ സുപ്രീം കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന ആവശ്യവും ഇവർ ഹർജിയിൽ ഉന്നയിച്ചിരുന്നു.
ഫെബ്രുവരി 15 നായിരുന്നു കേസിൽ ആജയ് മിശ്ര ജയിൽ മോചിതനായത്.കീഴ്‌ക്കോടതികള്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അലഹബാദ് ഹൈക്കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. മൂന്ന് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തിലാണ് ആശിഷ് മിശ്രക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ 129 ദിവസമായിരുന്നു ആശിഷ് ജയിലിൽ കിടന്നത്.
Recommended Video
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് മുകളിലേക്കായിരുന്നു വാഹന വ്യൂഹം ഇടിച്ച് കേറ്റിയത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കേസിൽ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നായിരുന്നു പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.












Click it and Unblock the Notifications