ഡാനിഷ് സിദ്ദിഖിക്ക് രണ്ടാം പുലിസ്റ്റര്‍: പുരസ്‌കാരം ഇന്ത്യയിലെ കൊവിഡ് ചിത്രങ്ങള്‍ക്ക്
ദില്ലി: അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദിഖിക്ക് ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം. ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചുള്ള കവറേജിനാണ് ഫീച്ചര്‍ ഫോട്ടോഗ്രാഫിക്കുള്ള പുലിറ്റ്സര്‍ സമ്മാനം ഡാനിഷ് സിദ്ദിഖിയെ തേടിയെത്തിയത്. അദ്ദേഹത്തോടൊപ്പം റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ അദ്നാന്‍ അബിദി, സന്ന ഇര്‍ഷാദ് മട്ടൂ, അമിത് ദവെ എന്നിവരും പുലിറ്റ്സര്‍ സമ്മാനത്തിന് അര്‍ഹരായി.

ഇന്ത്യ ആസ്ഥാനമായുള്ള റോയിട്ടേഴ്‌സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി കുറിച്ചുള്ള ഫോട്ടോ ഫീച്ചറിന് 2018-ലെ പുലിറ്റ്സര്‍ സമ്മാനം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

2021ല്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള സ്പിന്‍ ബോള്‍ഡാക്കില്‍ അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഒരു ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയില്‍ ഡാനിഷ് സിദ്ദിഖി ലോകമെമ്പാടുമുള്ള നിരവധി വിഷയങ്ങള്‍ കവര്‍ ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും യുദ്ധങ്ങള്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രതിസന്ധി, ഹോങ്കോംഗ് പ്രതിഷേധങ്ങള്‍, നേപ്പാള്‍ ഭൂകമ്പങ്ങള്‍ എന്നിവയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

പത്രപ്രവര്‍ത്തനത്തിനുള്ള അമേരിക്കയിലെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിസ്റ്റര്‍ സമ്മാനം. ഇത് ആദ്യമായി ഇന്ത്യയിലേക്ക് എത്തുന്നത് ഡാനിഷ് സിദ്ദിഖി, അഡ്‌നാന്‍ അബിദി എന്നിവരിലൂടെയാണ്. ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ റോയിട്ടേഴ്‌സിന്റെ സംഘത്തിനായിരുന്നു പുരസ്‌കാരം. ഈ സംഘത്തിലെ അംഗങ്ങളായിരുന്നു ഡാനിഷും അബിദിയും.

അതേസമയം, ഡാനിഷ് സിദ്ദിഖിയുടെ മരണത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവയ്പ്പിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്നും അമേരിക്കന്‍ മാസികായ വാഷിംഗ്ടണ്‍ എക്‌സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കാണ്ഡഹാര്‍ സിറ്റിയിലെ താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. വാഷിംഗ്ടണ്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട് പ്രകാരം, അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് ഡാനിഷ് സ്പിന്‍ ബോള്‍ഡാക്ക് മേഖലയിലേക്ക് പോയത്. കസ്റ്റംസ് പോസ്റ്റ് കടന്നപ്പോഴേക്കും താലിബാന്റെ ആക്രമണം ഉണ്ടായി.

ഈ ആക്രമണത്തിനിടെ ഡാനിഷിന് ഒരു വെടിയുണ്ട ഏറ്റു. തുടര്‍ന്ന് ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു മോസ്‌ക്കിലെത്തി. അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ ലഭിച്ചു. ഡാനിഷ് മോസ്‌കിലുണ്ടെന്ന വാര്‍ത്ത പ്രചരിച്ചതോടെ, താലിബാന്‍ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു. ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാന്‍ മോസ്‌ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തില്‍ വ്യക്തമായതായും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

താലിബാന്‍ പിടികൂടുമ്പോള്‍ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവര്‍ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാന്‍ സൈനിക കമാന്‍ഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications