സ്വന്തക്കാർക്ക് വേണ്ടി സീറ്റിന് പിടിവലിയുമായി നേതാക്കൾ; സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ പ്രതിസന്ധി

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കർണാടക കോൺഗ്രസ്. നേരത്തേ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ സജീവമായി പ്രചരണം കൊഴുപ്പിക്കുകയാണ് ലക്ഷ്യം. മാർച്ച് 22 ന് ബെൽഗാമിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിക്ക് ശേഷം ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ഥാനാർത്ഥി നിർണയത്തിൽ മുതിർന്ന നേതാക്കൾ കൈകടത്തലുകൾ നടത്തുന്ന സാഹചര്യത്തിൽ പ്രഖ്യാപനം ഇനിയും വൈകിയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹൈക്കമാന്റ് അംഗീകാരം നൽകിയിരിക്കുന്നത്
കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാവുമായ മല്ലികാർജ്ജുൻ ഖാർഗെ, കെ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ എന്നിവരാണ് തങ്ങളുടെ അനുയായികൾക്ക് സീറ്റിന് വേണ്ടി പിടിവലി നടത്തുന്നത്. നിലവിൽ 80 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിലാണ് ഹൈക്കമാന്റ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ സീറ്റുകളിലെല്ലാം ഒരു പേരുകൾ മാത്രമാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. 7 സിറ്റിംഗ് എംഎൽഎമാരോട് മാറി നിൽക്കാനും ഹൈക്കമാന്റ് ആവശ്യപ്പെട്ടേക്കും.

50 -60 സീറ്റുകളിൽ
ആദ്യ ഘട്ടത്തിൽ 135 സ്ഥാനാർത്ഥികളുടെ പട്ടികയായിരിക്കും പ്രഖ്യാപിക്കുക. ഇതിൽ തന്നെ 50 -60 സീറ്റുകളിൽ രണ്ടിൽ കൂടുതൽ പേർ സീറ്റിനായി രംഗത്തുണ്ടെന്നത് നേതൃത്വത്തിന് തലവേദന തീർക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ കൂടി സ്വന്തക്കാർക്ക് വേണ്ടി രംഗത്തെത്തിയതോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി 170 സീറ്റുകളിലെ പേരുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിൽ ഹൈക്കമാന്റ് നിലപാട് എടുക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കുമെന്നും
അതേസമയം കോൺഗ്രസിന് അനുകൂലമായ തരംഗമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത് എന്നതിന്റെ സൂചനയാണ് കൂടുതൽ നേതാക്കൾ സ്ഥാനാർത്ഥിത്വത്തിനായി പാർട്ടിയെ സമീപിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. നേതാക്കൾ തമ്മിലുള്ള തർക്കം നിഷേധിച്ച അദ്ദേഹം, ടിക്കറ്റിന്റെ മാനദണ്ഡം മെറിറ്റ് മാത്രമായിരിക്കണമെന്നും പറഞ്ഞു. 224 ലെ സീറ്റുകളിലേയും സ്ഥാനാർത്ഥി പ്രഖ്യാപനം തർക്കങ്ങൾ ഇല്ലാതെ പൂർത്തിയാക്കുമെന്നും ഡികെ ശിവകുമാർ പറഞ്ഞു.

സിദ്ധരാമയ്യയ്ക്ക് സീറ്റ് കണ്ടെത്താനാകാതെ കോൺഗ്രസ്
ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് സീറ്റ് കണ്ടെത്താനാവാതെ കോൺഗ്രസ്. ഇത്തവണ കോലാർ സീറ്റിൽ നിന്നും മത്സരിക്കണമെന്ന താത്പര്യമായിരുന്നു സിദ്ധരാമയ്യ പ്രകടിപ്പിച്ചത്. എന്നാൽ കോലാറിൽ അദ്ദേഹം മത്സരിക്കേണ്ടതില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാമതായിരുന്നു. അതുകൊണ്ട് തന്നെ മുതിർന്ന നേതാവായ സിദ്ധരാമയ്യയെ മത്സരിപ്പിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ സിറ്റിംഗ് മണ്ഡലമായ ബദാമിൽ നിന്ന് തന്നെ സിദ്ധരാമയ്യ മത്സരിക്കട്ടേയെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം.

ഹൈക്കമാന്റിന്റെ തീരുമാന പ്രകാരം
2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലും ബാഗൽക്കോട്ടിലെ ബാദാമിയിൽ നിന്നുമായിരുന്നു സിദ്ധരാമയ്യ മത്സരിച്ചത്. എന്നാൽ ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ട സിദ്ധരാമയ്യ ബദാമിയിൽ വിജയിച്ചു. ബദാമിയിൽ ബി ജെ പി നേതാവവും മന്ത്രിയുമായി ശ്രീരാമലുവിനെയാണ് സിദ്ധരാമയ്യ പരാജയപ്പെടുത്തിയത്. ഈ മണ്ഡലത്തിൽ വേണ്ടത്ര സമയം ചെലവിടാൻ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിനാൽ ഇനി ഇവിടെ നിന്നു മത്സരിക്കില്ലെന്നായിരുന്നു നേരത്തേ അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്റിന്റെ തീരുമാന പ്രകാരം മണ്ഡലം തിരഞ്ഞെടുക്കുമെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചത്.












Click it and Unblock the Notifications