പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ? അതിപ്പോള്‍ പറയാനാവില്ല; ആദ്യം ഒന്ന് ജയിക്കട്ടെയെന്ന് ഖാര്‍ഗെ
ദില്ലി: മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പിന്തുണ വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിനിടെ 2024ല്‍ ആരായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ചോദ്യം ശക്തമായിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും പറയാനായിട്ടില്ലെന്ന് പറയുകയാണ് ഖാര്‍ഗെ. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനായി എത്തിയതായിരുന്നു ഖാര്‍ഗെ.
ആവശ്യം വന്നാല്‍ എല്ലാ കടമ്പകളും കടന്ന് മുന്നോട്ട് പോകുമെന്ന് ഖാര്‍ഗെ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയോട് കൂടി ചര്‍ച്ച ചെയ്തിട്ടാവും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്ന സൂചനയാണ് ഖാര്‍ഗെ നല്‍കുന്നത്.

അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ ഇടപെടുമോയെന്ന് ചോദിച്ചപ്പോള്‍, അത് പറയാനായിട്ടില്ലെന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. ആദ്യം തിരഞ്ഞെടുപ്പ് കഴിയട്ടെ. ബക്രീദിന് ബലി നല്‍കാനിരുന്ന ആട് അതിനെ അതിജീവിച്ചാല്‍, അതേ ആട് മുഹറത്തിന് നൃത്തം ചെയ്യുമൊന്നൊരു ചൊല്ലുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു.
ആദ്യം അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കഴിയട്ടെ. അതിന് ശേഷം ഞാന്‍ അധ്യക്ഷനാവട്ടെ, അതിന് ശേഷം അക്കാര്യം തീരുമാനിക്കാമെന്നും ഖാര്‍ഗെ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറപ്പാണെന്ന് ഖാര്‍ഗെ പറയുന്നു. ഇരുപത് വര്‍ഷത്തിനിടെ നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാത്ത തിരഞ്ഞെടുപ്പ് കൂടിയാണിത്. അതേസമയം രാഹുലിന്റെയും സോണിയയുടെയും ആശീര്‍വാദത്തോടെയാണ് ഗാര്‍ഗെ സ്ഥാനാര്‍ത്ഥിയായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് അദ്ദേഹം തള്ളിയിട്ടുണ്ട്.
താന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയല്ലെന്ന് ഗാര്‍ഗെ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ആകെ തകര്‍ന്ന് കിടക്കുന്ന സമയത്താണ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഖാര്‍ഗെ 80 വയസ്സ് വന്ന നേതാവാണെന്നും, മാറ്റം കൊണ്ടുവരില്ലെന്നുമാണ് ശശി തരൂരിന്റെ ആരോപണം.
താന്‍ കോണ്‍ഗ്രസിന്റെ അടിത്തട്ട് മുതല്‍ പ്രവര്‍ത്തിച്ചാണ് ഇവിടെയെത്തിയത്. അന്നൊന്നും തരൂര്‍ കോണ്‍ഗ്രസിലേ ഇല്ലായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പുകളൊന്നും വിജയിച്ചിട്ടില്ല. മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമാവുകയും ചെയ്തു.
എന്നാല്‍ ഗാര്‍ഗെ നെഹ്‌റു കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രോക്‌സി അധ്യക്ഷനായിരിക്കുമെന്നാണ് ആരോപണം. പല സംസ്ഥാനങ്ങളിലും മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്കാണ് പിന്തുണ. ശശി തരൂരിന് തമിഴ്‌നാട്ടില്‍ അടക്കം തണുത്ത സ്വീകരണമാണ് ലഭിച്ചത്. ഖാര്‍ഗെയെ പിന്തുണയ്ക്കാന്‍ സമ്മര്‍ദമുണ്ടെന്ന് പല നേതാക്കളും തുറന്ന് സമ്മതിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications