'മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആളാണ് മദ്യനയം ഉണ്ടാക്കിയത്'; രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ
ഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അതിരൂക്ഷമായി വിമർശിച്ച് സാമൂഹിക പ്രവര്‍ത്തകൻ അണ്ണാ ഹസാരെ. മദ്യം ഒഴിവാക്കണമെന്ന് അദ്ദേഹത്തോട് താൻ അഭ്യർത്ഥിച്ചിരുന്നുവെന്നും എന്നാൽ കൂടുതൽ പണം ഉണ്ടാക്കാൻ വേണ്ടി മദ്യ നയം നടപ്പാക്കിയെന്നും ഹസാരെ കുറ്റപ്പെടുത്തി. അറസ്റ്റിൽ താൻ അസ്വസ്ഥനാണെന്നും പക്ഷേ സ്വന്തം പ്രവൃത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിക്കുന്നതെന്നും ഹസാരെ കുറ്റപ്പെടുത്തി.
'അരവിന്ദ് കെജ്‌രിവാളിനെപ്പോലെ മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ഒരാൾ മദ്യനയം നടപ്പാക്കിയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. എന്നാൽ ഇപ്പോൾ എന്ത് ചെയ്യാൻ സാധിക്കും. എല്ലാം നിയമപ്രകാരം സംഭവിക്കുന്നതാണല്ലോ', ഹസാരെ പറഞ്ഞു. 2011 ൽ നടന്ന അഴിമതിക്കെതിരായ ലോക്പാൽ പ്രക്ഷോഭങ്ങളിലൂടെയാണ് അരവിന്ദ് കെജ്രിവാൾ ഉയർന്ന് വന്നത്. ലോക്പാൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ഇരുവരും ചേർന്ന് യു പി എ സർക്കാരിനെതിരെ ആയിരങ്ങളെ അണിനിരത്തി അനിശ്ചിതകാല സത്യാഗ്രഹം നടത്തിയിരുന്നു. പിന്നീട് അണ്ണാ ഹസാരയുമായി കെജ്രിവാൾ വേർപിരിഞ്ഞു. ഇതിന് പിന്നാലെയാണ് കെജ്രിവാൾ ആം ആദ്മി പാർട്ടി രൂപീകരിക്കുന്നത്.

അതേസമയം ആം ആദ്മി പാർട്ടിയേയും കെജ്രിവാളിനേയും മുൻപ് പല തവണ ഹസാരെ വിമർശിച്ചിട്ടുണ്ട്. മദ്യനയത്തിനെതിരേയും ഹസാരെ രംഗത്തെത്തിയിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നും ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്രിവാൾ സർക്കാർ നടപ്പാക്കിയത് എന്നായിരുന്നു കുറ്റപ്പെടുത്തൽ. മദ്യഷാപ്പുകൾ തുറന്ന് പണവും അധികാരവും കൈക്കലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഹസാരെ വിമർശിച്ചിരുന്നു.
മദ്യനയക്കേസിൽ വെള്ളിയാഴ്ച രാത്രിയാണ് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സംഘം വ്യാഴാഴ്ച വൈകീട്ട് ആറോടെ കെജ്രിവാളിന്റെ വസതിയിലെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിലും സംഘം തിരച്ചിൽ നടത്തിയിരുന്നു. ഇതിന് ശേഷം രാത്രി ഒൻപതരോടെയായിരുന്നു കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം ഡൽഹി ഹൈക്കോടതി നിഷേധിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഇന്ന് ഉച്ചയോടെ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും.
അതേസമയം അറസ്റ്റിന് പിന്നാലെ ആം ആദ്നി പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധമാണ് ഡൽഹിയിൽ അരങ്ങേറിയത്. നഗരത്തിൽ നിരോധനാജ്ഞയും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications