മത്സരിക്കുമെന്ന് അദ്വാനി;വിരമിക്കുന്ന പ്രശ്‌നമില്ല
ദില്ലി: പാര്‍ട്ടിക്ക് മുമ്പേ തന്റെ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ച് എല്‍ കെ അദ്വാനി വീണ്ടും ബി ജെ പിക്ക് തലവേദനയാകുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും താന്‍ വീണ്ടും മത്സരിക്കും എന്നാണ് പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ അദ്വാനി വെളിപ്പെടുത്തിയത്. താന്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്ന പ്രശ്‌നമില്ലെന്നും ഇനിയും അങ്കങ്ങള്‍ക്ക് ബാല്യം ബാക്കിയുണ്ടെന്നും 86കാരനായ അദ്വാനി നയം വ്യക്തമാക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥിപട്ടിക പാര്‍ട്ടി തീരുമാനിക്കുന്നതേയുള്ളൂ. അതിനും മുമ്പേ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞിരിക്കുകയാണ് പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ അദ്വാനി. ഇന്നുള്ളതില്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് അദ്വാനി. മത്സരിക്കണമെന്ന് അദ്വാനി പറഞ്ഞാല്‍ അത് വേണ്ടെന്ന് പറയാന്‍ പാര്‍ട്ടിക്കാവില്ല.

തന്റെ താല്‍പര്യം മറികടന്ന് നരേന്ദ്രമോഡിയെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏല്‍പ്പിച്ചതിന്റെയും പിന്നീട് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിന്റെയും ചൊരുക്ക് അദ്വാനിയുടെ മനസിലുണ്ട്. ഈ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് ബി ജെ പി വിട്ട അദ്വാനി പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് തിരിച്ചുവരികയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി നേതൃത്വത്തില്‍ തൂക്കുമന്ത്രിസഭയെങ്ങാന്‍ വന്നാല്‍ മോഡിയെ മറികടന്ന് പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ക്കാണ് അദ്വാനി തിരികൊളഉത്തിയിരിക്കുന്നത്.
തന്നോട് മത്സിരക്കരുതെന്ന് പറയാന്‍ ആര്‍ക്കുമാകില്ല - ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലെ ഈ ഒരൊറ്റ വാചകത്തില്‍ അദ്വാനിക്ക് പറയാനുള്ളതെല്ലാമുണ്ട്. അല്ലെങ്കിലും അതങ്ങനെയാണ്. രഥയാത്രകളിലൂടെ കാവിപ്പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയും വാജ്‌പേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായി നിര്‍ണായക സ്ഥാനങ്ങള്‍ കൈയ്യാളുകയും ചെയ്ത ലാല്‍ കൃഷ്ണ അദ്വാനി എന്ന ഉരുക്കുമനുഷ്യന്‍ പാര്‍ട്ടിയുടെ യുവനേതാക്കള്‍ക്ക് മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുന്നതില്‍ എന്ത് കാവ്യനീതി?












Click it and Unblock the Notifications