കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് വേണം... 2019 ആവര്‍ത്തിക്കണം; കോണ്‍ഗ്രസ് തന്ത്രം ഇങ്ങനെ
ന്യൂദല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയപ്പോഴും കോണ്‍ഗ്രസ് തലയുയര്‍ത്തിയത് കേരളത്തിലെ വിജയത്തിന്റെ ബലത്തിലായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 52 എം പിമാരാണ് ഉള്ളത്.
ഇതില്‍ 15 എം പിമാരും കേരളത്തില്‍ നിന്നാണ്. 2019 ല്‍ കേരളത്തിലെ 20 ലോക്‌സഭാ സീറ്റില്‍ 19 ഉം കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫാണ് നേടിയത്. നിലവില്‍ 18 യു ഡി എഫ് എം പിമാരാണ് ഉള്ളത്. കേരള കോണ്‍ഗ്രസ് മുന്നണി മാറിയതോടെ എല്‍ ഡി എഫിന് രണ്ട് എം പിമാരുണ്ട്. വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്ക് റെക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. രാഹുല്‍ ഫാക്ടര്‍ ഏറ്റവും പ്രവര്‍ത്തിച്ചത് കേരളത്തിലാണ് എന്ന് കോണ്‍ഗ്രസ് മനസിലാക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ 2024 ല്‍ കേരളത്തിന് പ്രത്യേക ഊന്നല്‍ തന്നെ കോണ്‍ഗ്രസ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും സി പി എമ്മും ദേശീയ തലത്തില്‍ പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തില്‍ സ്വന്തം നിലക്കാണ് മത്സരിക്കുന്നത് എന്ന് ഇരുപാര്‍ട്ടികളും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ടൈംസ് നൗ സര്‍വേ പ്രകാരം 2019 ലെ വിജയം കോണ്‍ഗ്രസിന് ഇത്തണ പ്രവചിക്കുന്നില്ല.
കഴിഞ്ഞ തവണ 19 സീറ്റ് ലഭിച്ചിടത്ത് നിന്ന് 14 ലേക്ക് യു ഡി എഫ് എത്തും എന്നാണ് പ്രവചനം. എല്‍ ഡി എഫിന് ആറ് സീറ്റും ലഭിക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തനം വേണമെന്നാണ് സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്റ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം എം പിമാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 25 ഉന്നത കോണ്‍ഗ്രസ് നേതാക്കളെയാണ് ദല്‍ഹിയിലേക്ക് ഹൈക്കമാന്റ് വിളിപ്പിച്ചത്.
അതേസമയം കേരളത്തില്‍ ചില വന്‍ മുന്നേറ്റങ്ങള്‍ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുകയാണെന്നും യു ഡി എഫ് വിജയത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ഐക്യത്തിന്റെ സന്ദേശം അടിവരയിടുകയും പാര്‍ട്ടിയുടെ വിജയ സാധ്യതകള്‍ക്ക് ഭീഷണിയായേക്കാവുന്ന ഏത് വിഭാഗീയതയും പരിഹരിക്കുകയും വേണമെന്നാണ് സംസ്ഥാന നേതൃത്വത്തോടുള്ള നിര്‍ദേശം.
സി പി എം, ബി ജെ പി ആക്രമണത്തെ ഒരുപോലെ ചെറുക്കാനാകണം. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ലമെന്ററി രാഷ്ട്രീയം വിടാനുള്ള ആഗ്രഹം പല കോണ്‍ഗ്രസ് എം പിമാരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കം ഒഴിവാക്കണം എന്ന നിര്‍ദേശം എ ഐ സി സി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. 2024 ല്‍ പുതുമുഖങ്ങളെ കൂടി രംഗത്തിറക്കി വിജയകരമായ ഒരു ഫോര്‍മുല ഉണ്ടാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നിരവധി പ്രചരണ തടസങ്ങളുണ്ട്. യൂണിഫോം സിവില്‍ കോഡ് (യു സി സി) വിഷയത്തില്‍ സി പി എം, കോണ്‍ഗ്രസിന് ഉറച്ച നിലപാടില്ല എന്ന തരത്തില്‍ ചിത്രീകരിക്കുകയും ബി ജെ പിയുടെ ഹിന്ദു ഭൂരിപക്ഷ ദേശീയതയും കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വവും തമ്മിലുള്ള അന്തരം കുറുയുകയാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. ഇത് ന്യൂനപക്ഷ വോട്ടുകള്‍ ഇടത് പാളയത്തിലേക്ക് ആകര്‍ഷിക്കുന്നതിലേക്ക് നയിക്കുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്.












Click it and Unblock the Notifications