2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സച്ചിനുമുണ്ടാകും..!!; സ്ഥാനാര്‍ത്ഥിയായല്ല
ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒരുങ്ങി കഴിഞ്ഞു. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികളെല്ലാം സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ചില സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സഹായം തേടിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരില്‍ ജനാധിപത്യബോധത്തിന്റെയും സമ്മതിദാനാവകാശത്തിന്റേയും അവബോധം സൃഷ്ടിക്കുക എന്നതാണ് സച്ചിന്‍ ടെന്‍ഡുക്കറുടെ ചുമതല. ഇതിനായി ഭാരതരത്‌ന ജേതാവ് കൂടിയായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ദേശീയ ഐക്കണാക്കാന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ബുധനാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപമുണ്ടായേക്കും. ദല്‍ഹിയില്‍ ഒരു പരിപാടിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുണ്‍ ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മൂന്ന് വര്‍ഷത്തെ ധാരണാപത്രം ഒപ്പുവെക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഈ സഹകരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പ്രത്യേകിച്ച് 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സഹായകരമാകും. സച്ചിന്റെ സമാനതകളില്ലാത്ത സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും ഇത് എന്നും തിരഞ്ഞൈടുപ്പ് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
പൗരന്മാരും തിരഞ്ഞെടുപ്പ് പ്രക്രിയയും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് ഒരു ദേശീയ ഐക്കണിനെ നിയമിക്കുന്നതിന്റെ ഉദ്ദേശം. ഇതിന് മുന്‍പും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനപ്രിയ താരങ്ങളെ ദേശീയ ഐക്കണായി നിയമിച്ചിട്ടുണ്ട്. 2022 ല്‍ ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠിയെ കമ്മീഷന്‍ ഐക്കണായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. 2010 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം ആയിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി, നടന്‍ ആമിര്‍ ഖാന്‍, മുന്‍ ലോക ബോക്സിംഗ് ചാമ്പ്യന്‍ മേരി കോം എന്നിവരും മുന്‍കാലങ്ങളില്‍ ഈ പദവിയില്‍ എത്തിയിട്ടുണ്ട്. ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളും സ്വന്തമാക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2012 മുതല്‍ 2018 വരെ രാജ്യസഭാ എംപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയും 200 ടെസ്റ്റ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഏക താരമാണ്.
ടെസ്റ്റില്‍ 53.78 എന്ന മികച്ച ശരാശരിയില്‍ നേടിയ 15,921 റണ്‍സ് നേടിയിട്ടുണ്ട്. 51 സെഞ്ചുറികളും 68 അര്‍ധസെഞ്ചുറികളും ടെസ്റ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്. 248* ആണ് ഉയര്‍ന്ന സ്‌കോര്‍. 463 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരം 44.83 ശരാശരിയിലും 86.23 സ്ട്രൈക്ക് റേറ്റിലും 18,426 റണ്‍സ് നേടിയിട്ടുണ്ട്. 49 സെഞ്ചുറികളും 96 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 200* ഉയര്‍ന്ന സ്‌കോര്‍.












Click it and Unblock the Notifications