വാരണാസിയിൽ മോദി VS പ്രിയങ്ക ഗാന്ധിയോ?; ചർച്ച നടക്കുന്നുവെന്ന് പ്രിയങ്ക.. പ്രധാനമന്ത്രി 'ഇന്ത്യയിൽ' നിന്ന്
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിയിലെ വാരണാസിയിൽ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം പ്രതിപക്ഷ നിരയിൽ ശക്തം. ഏറ്റവും ഒടുവിലായി ശിവസേന നേതാവ് പ്രിയങ്ക ചതുർവേദിയാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചാൽ വിജയം ഉറപ്പാണെന്ന് പ്രിയങ്ക പറഞ്ഞു.
' ഇന്ത്യ മുന്നണി മുന്നിൽ തന്നെയുണ്ട്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് പ്രതിപക്ഷ സഖ്യം യോജിച്ച് ചർച്ച ചെയ്യുകയാണ്. വാരണാസിയിൽ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കിൽ അവർ തീർച്ചയായും വിജയിക്കും', പ്രിയങ്ക ചതുർവേദി പറഞ്ഞു.

'ചെങ്കോട്ടയിൽ മോദി നടത്തിയത് അദ്ദേഹത്തിന്റെ അവസാനത്തെ സ്വാതന്ത്ര്യ ദിന പ്രസംഗമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിങ്ങനെ പൊതുജനം പൊറുതിമുട്ടുകയാണ്. ജനം ഇത് സംബന്ധിച്ച് ചോദ്യമുയർത്തും. അടുത്ത വർഷം 'ഇന്ത്യ' സഖ്യത്തിന്റെ പ്രധാനമന്ത്രി രാജ്യത്തെ നയിക്കും', പ്രിയങ്ക പറഞ്ഞു.
നേരത്തേ ശിവസേന നേതാവ് സഞ്ജയ് റൗത്തും പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പ്രിയങ്ക മത്സരിച്ചാൽ മോദിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വാരണാസിയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും സമാന ആവശ്യം ഉന്നയിക്കുന്നുണ്ട്. പ്രിയങ്ക മോദിക്കെതിരെ ഇറങ്ങിയാൽ എല്ലാ ജാതി-മത വിഭാഗങ്ങളുടേയും വോട്ടുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.
മാത്രമല്ല മോദിയുടെ തട്ടകത്തിൽ അദ്ദേഹത്തിനെതിരെ പോര് കടുപ്പിക്കാൻ കഴിയുമെന്നും 'ഇന്ത്യ' സഖ്യത്തിന് തന്നെ ഊർജം പകരുന്നതായിരിക്കും നടപടിയെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പ്രിയങ്ക ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ തന്നെ അതൊരിക്കലും നരേന്ദ്ര മോദിക്കെതിരെ ആയിരിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
കഴിഞ്ഞ തവണയും ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് വാരണാസിയിൽ നിന്നും പ്രിയങ്ക ഗാന്ധിയുടെ പേര് നേതാക്കൾ ഉന്നയിച്ചിരുന്നു. ദേശീയ നേതൃത്വം അനുകൂലമായല്ല പ്രതികരിച്ചത്. കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധിയുടെ വിജയം ഉറപ്പാക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. അവർ മത്സരിക്കുകയാണെങ്കിൽ തന്നെ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നായിരിക്കും മത്സരിച്ചേക്കുക.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സോണിയ ഗാന്ധി 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള സാധ്യത ഇല്ല. നിലവിൽ യുപിയിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്ബറേലി. സോണിയയെ കർണാടകയിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിപ്പിച്ച് പ്രിയങ്ക ഗാന്ധിയെ റായ്ബറേലിയിൽ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചാൽ സീറ്റ് നിലനിർത്താനാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. യുപിയിൽ നിന്ന് വിജയിച്ച് കയറി ദേശീയ രാഷ്ട്രീയത്തിലും ശക്തമായ സാന്നിധ്യമായി മാറാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞേക്കും.
രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് മത്സരിക്കുമോ?
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും കോൺഗ്രസിൽ ശക്തമാണ്. അദ്ദേഹം തന്റെ പഴയ മണ്ഡലത്തിലേക്ക് തിരികെ എത്തുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞത്. കഴിഞ്ഞ വർഷം രാഹുൽ അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അന്ന് അമേഠിയിൽ കനത്ത പരാജയമായിരുന്നു രാഹുൽ രുചിച്ചത്. ബിജെപിയുടെ സ്മൃതി ഇറാനിയോടായിരുന്നു അദ്ദേഹം പരാജയപ്പെട്ടത്. 55,000ത്തോളം വോട്ടുകൾക്കായിരുന്നു തോൽവി ഏറ്റുവാങ്ങിയത്. അതേസമയം വയനാട്ടിൽ വൻ വിജയം നേടി.
ഇത്തവണയും രാഹുൽ വയനാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് വാർത്തകൾ. എന്നാൽ പ്രതിപക്ഷത്തെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ കോൺഗ്രസിന്റെ തട്ടകമായ വയനാട്ടിലേക്ക് വീണ്ടും ഒളിച്ചോടരുതെന്നും യുപിയിൽ അമേഠിയിൽ തന്നെ മത്സരിച്ച് എൻഡിഎയ്ക്കെതിരെ പോരാട്ടം കടുപ്പിക്കണമെന്നുമാണ് നേതാക്കളുടെ വികാരം.












Click it and Unblock the Notifications