തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാൻ കമൽ ഹാസൻ; മത്സരിക്കുക കൈപ്പത്തി ചിഹ്നത്തിലോ? പ്രഖ്യാപനം ഉടൻ
ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം നേതാവുമായി കമൽ ഹാസൻ ഡിഎംകെ സഖ്യത്തിനൊപ്പം അണിചേരുമെന്ന് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്ന വേളയിലാണ് കമലിന്റെ രാഷ്ട്രീയ നിലപാട് വീണ്ടും ചർച്ചയാവുന്നത്.
സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കുന്ന ഡിഎംകെ, കമൽ നേതൃത്വം നൽകുന്ന മക്കൾ നീതി മയ്യത്തെ (എംഎൻഎം) പുതിയ സഖ്യകക്ഷിയായി ഒപ്പം ചേർത്തേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഉൾപ്പടുന്ന സഖ്യത്തോടുള്ള തന്റെ ചായ്‌വ് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രകടമാക്കിയ കമൽഹാസൻ, എംകെ സ്‌റ്റാലിനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തിങ്കളാഴ്‌ച ആരംഭിക്കുന്ന സംസ്ഥാന നിയമസഭയിലെ ഹ്രസ്വ ബജറ്റ് സമ്മേളനത്തിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ചയ്ക്ക് സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. എംഎൻഎമ്മിന് ഒരു സീറ്റ് നൽകാനാണ് സാധ്യതയെന്നും വൃത്തങ്ങൾ അറിയിച്ചു. ഒരാഴ്‌ച മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ മക്കൾ നീതി മയ്യത്തിന് അനുവദിച്ച ടോർച്ച് ലൈറ്റ് ചിഹ്നത്തിൽ മത്സരിക്കാൻ കമൽഹാസൻ ആഗ്രഹിക്കുന്നു എന്നാണ് സൂചന.
"ഡിഎംകെ അതിന്റെ മിക്കവാറും എല്ലാ പ്രധാന സഖ്യകക്ഷികളുമായും ആദ്യ റൗണ്ട് ചർച്ചകൾ പൂർത്തിയാക്കി. ഏതെങ്കിലും പുതിയ പാർട്ടി സഖ്യത്തിൽ പ്രവേശിക്കാൻ പോകുകയാണെങ്കിൽ, ചർച്ചകൾ ഇപ്പോൾ ആരംഭിക്കുമായിരുന്നു" ഡിഎംകെ വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കമൽഹാസനും ചേർന്നിരുന്നു, തുടർന്ന് കോൺഗ്രസ് നേതാവുമായി ഒരു അഭിമുഖവും അദ്ദേഹം നടത്തിയിരുന്നു.
ഒരുപക്ഷേ മക്കൾ നീതി മയ്യത്തിന് സീറ്റ് ലഭിച്ചില്ലെങ്കിൽ കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളിലൊന്നിൽ കൈപ്പത്തി ചിഹ്നത്തിൽ കമൽ മത്സരിക്കാൻ തയാറാകുമെന്ന തരത്തിൽ വാർത്തകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ തവണ 10 സീറ്റുകളിൽ മത്സരിച്ച് 9 ഇടത്തും ജയിച്ച കോൺഗ്രസിന് ഇത്തവണ 9 സീറ്റ് ഡിഎംകെ അനുവദിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഒരു സീറ്റ് കമലിന് നൽകുകയാവും ചെയ്യുക.
എന്നാൽ തമിഴ്‌നാട് പിസിസി അധ്യക്ഷൻ ഈ വാർത്തകൾ ശരിവയ്ക്കാൻ തയ്യാറായിട്ടില്ല. പുതുതായി നിയമിതനായ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ സെൽവപെരുന്തഗൈയോട് കമൽഹാസന് സീറ്റ് നൽകുന്നതിനെ നിങ്ങളുടെ പാർട്ടി അനുകൂലിക്കുന്നുണ്ടോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ശുദ്ധമായ മാധ്യമ ഊഹാപോഹമാണെന്നും, ഇക്കാര്യത്തിൽ എംഎൻഎം നേതാവ് തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications