'മോദിക്ക് കഴിയില്ല,'; കളി തുടങ്ങി 'ടീം ഇന്ത്യ'?, നിതീഷും നായിഡുവും എല്ലാവരുടേയും സുഹൃത്തുക്കളെന്ന് റാവത്ത്
മുംബൈ: നരേന്ദ്ര മോദിക്ക് സഖ്യ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ല എന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുന്നതിനിടയില്‍ ആണ് സഞ്ജയ് റാവത്തിന്റെ വെല്ലുവിളി. ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ ഇന്ന് ഇന്ത്യാ സഖ്യം യോഗം ചേരുന്നുണ്ട്.
'സഖ്യസര്‍ക്കാര്‍ നടത്തുന്നത് നരേന്ദ്ര മോദിയുടെ ശക്തിയല്ല. ബിജെപി ഇപ്പോള്‍ ഒരു കൂട്ടുകെട്ട് രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി 'മോദി കി സര്‍ക്കാര്‍', 'മോദി കി ഗാരന്റി' എന്നിവയെക്കുറിച്ച് മാത്രമായിരുന്നു സംസാരിക്കുച്ചത്. അത് ഞാന്‍, ഞാന്‍ എന്ന മനോഭാവത്തിലായിരുന്നു,' സഞ്ജയ് റാവത്ത് പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷമില്ല എന്നും അവര്‍ ഇപ്പോള്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും റാവത്ത് പരിഹസിച്ചു.

ബി ജെ പി അവരുടെ ശ്രമങ്ങളുമായി മുന്നോട്ട് പോകട്ടെ എന്നും ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എല്ലാവരുടെയും സുഹൃത്തുക്കളാണ് എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അവര്‍ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്നവരെ പിന്തുണയ്ക്കണമെന്ന് താന്‍ കരുതുന്നില്ല എന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്ത്യാ മുന്നണി യോഗത്തില്‍ ശിവസേന (യുബിടി) പ്രതിനിധികളായി സഞ്ജയ് റാവത്തും ഉദ്ധവ് താക്കറെയും പങ്കെടുക്കും.
മഹാരാഷ്ട്രയില്‍ മഹാഗത്ബന്ധന്‍ മികച്ച പ്രകടനമാണ് നടത്തിയത്. പാര്‍ട്ടി പിളര്‍ന്ന് ചിഹ്നവും പേരും നഷ്ടപ്പെട്ടിട്ടും എന്‍സിപി (ശരദ് പവാര്‍), ശിവസേന (യുബിടി) എന്നിവര്‍ കൂടുതല്‍ സീറ്റുകള്‍ നേടിയത് ശ്രദ്ധേയമായി. അതേസമയം എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പുതിയ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് തങ്ങളുടെ ആവശ്യങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.
അതിനിടെ ഇന്ന് പാട്‌നയില്‍ നിന്ന് നിതീഷ് കുമാറും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവും ഒരേ വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഒന്നിച്ചുള്ള യാത്രക്ക് പിന്നാലെ തേജസ്വി യാദവ് 'കാത്തിരുന്ന് കാണുക' എന്ന് പറഞ്ഞതോടെ ഇന്ത്യാ സഖ്യത്തിന്റെ അടുത്ത നീക്കം എന്താണ് എന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം. 233 സീറ്റുകളാണ് ഇന്ത്യാ സഖ്യത്തിന് ലഭിച്ചിരിക്കുന്നത്.
തേജസ്വി, സഞ്ജയ് റാവത്ത്, ഉദ്ധവ് എന്നിവരെ കൂടാതെ ശരദ് പവാര്‍, എംകെ സ്റ്റാലിന്‍, ചമ്പായി സോറന്‍, അഖിലേഷ് യാദവ്, അഭിഷേക് ബാനര്‍ജി, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതിനിടെ അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുകയും രാജി സമര്‍പ്പിക്കുകയും ചെയ്തു.
രാഷ്ട്രപതി രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് വരെ തുടരാന്‍ മോദിയോടും മന്ത്രി സഭയോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡിഎക്ക് കേവലഭൂരിപക്ഷമുള്ളതിനാല്‍ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി മുന്നോട്ട് പോകാനാണ് ബി ജെ പിയുടെ ശ്രമം. മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ജൂണ്‍ 8 ന് നടക്കാനാണ് സാധ്യത.












Click it and Unblock the Notifications