നരേന്ദ്രമോദി വാരാണസിയില്‍ മത്സരിക്കും; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെ ആണ് ബി ജെ പി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്ന് ജനവിധി തേടും. കേരളത്തിലെ 20 സീറ്റുകളില്‍ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരാണസിയില്‍ മത്സരിക്കുന്നത്. 2014 ല്‍ എ എ പി നേതാവ് അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ അദ്ദേഹം 2019 ല്‍ സമാജ്വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെതിരെയും വിജയിച്ചിരുന്നു. അതേസമയം 34 മന്ത്രിമാരാണ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് ജനവിധി തേടും.

ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 28 പേര്‍ സ്ത്രീകളും 47 പേര്‍ യുവാക്കളുമാണ്. എസ് സി വിഭാഗത്തില്‍ നിന്ന് 27 പേര്‍ക്കും എസ് ടി വിഭാഗത്തില്‍ നിന്ന് 18 പേര്‍ക്കും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവസരം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ 51 പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നും 20 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഉള്ളവരാണ്. മധ്യപ്രദേശിലെ 24 സ്ഥാനാര്‍ത്ഥികളേയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 15 വീതം സ്ഥാനാര്‍ത്ഥികളേയും തെലങ്കാനയില്‍ നിന്ന് ഒമ്പത് സ്ഥാനാര്‍ത്ഥികളേയും അസം, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നിന്ന് 11 വീതം സ്ഥാനാര്‍ത്ഥികളേയും ഡല്‍ഹിയില്‍ നിന്ന് അഞ്ച് സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിച്ചു. ജമ്മി കശ്മീര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം പേരെയും പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡില്‍ നിന്ന് മൂന്ന് പേരേയും ഗോവ, ത്രിപുര, ആന്‍ഡമാന്‍ നിക്കോബാര്‍, ദമാന്‍ ആന്റ് ദിമു എന്നിവിടങ്ങളില്‍ നിന്ന് ഓരോ സ്ഥാനാര്‍ത്ഥികളേയും ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പോര്‍ബന്തറില്‍ മത്സരിക്കും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരണ്‍ റിജിജു അരുണാചല്‍ വെസ്റ്റില്‍ നിന്നും മത്സരിക്കും.
എം പി തപിര്‍ ഗാവോ അരുണാചല്‍ ഈസ്റ്റില്‍ നിന്നും എം പി ബിഷ്ണു പാദ റേ ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സോനോവാള്‍ അസമിലെ ദിബ്രുഗഡില്‍ നിന്നും മത്സരിക്കും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിദിഷ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണയില്‍ നിന്നും മത്സരിക്കും.












Click it and Unblock the Notifications