ഉടക്കിട്ട് മമതയും ആം ആദ്മിയും; ഈ സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന് സീറ്റ് വിഭജനം തലവേദനയാകും
ഡൽഹി: ലോക്സഭ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'. ബിജെപിയെ പരാജയപ്പെടുത്താൻ ഒറ്റക്കെട്ടായി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയെന്നതാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ വലുപ്പം, കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ പ്രകടനം എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും സീറ്റ് വിഭജനം നടത്തുക.
ചില സംസ്ഥാനങ്ങളിൽ സീറ്റ് ചർച്ചകൾ സംബന്ധിച്ച് സഖ്യത്തിനുള്ളിൽ ഏകദേശ ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചില സംസ്ഥാനങ്ങളിലാകട്ടെ സീറ്റ് വിഭജനം സഖ്യത്തിന് വലിയ തലവേദന തീർക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ.

നിലവിൽ 100 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്ന് ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട്. ബാക്കിയുള്ള 443 സീറ്റുകളിൽ ചർച്ച നടക്കുകയാണ്. ജമ്മു കശ്മീരിലെ അഞ്ച് ലോക്‌സഭാ സീറ്റുകളിൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്നിവ തമ്മിലും ധാരണ ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റുകളിൽ കോൺഗ്രസിനും എൻസിപിക്കും ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും 16 സീറ്റുകൾ വീതം ലഭിച്ചേക്കും.
ബിഹാറിലാകട്ടെ ആകെയുള്ള 40 സീറ്റുകളിൽ ആർജെഡിയും നിതീഷിന്റെ ജെഡിയുവും കോൺഗ്രസും ഇടതുപാർട്ടികളും തമ്മിലാണ് ധാരണ ഉണ്ടാക്കേണ്ടത്. സീറ്റ് വിഭജനത്തിൽ ആർജെഡിയുടെ നിലപാട് നിർണായകമാകും. നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും ലോക്‌സഭയിൽ ഒരു സീറ്റ് പോലും ആർജെഡിക്ക് ഇല്ല.
ഡൽഹിയിലെ ഏഴ് സീറ്റുകളും പഞ്ചാബിലെ 13 സീറ്റുകളും കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലാണ് വിഭജിക്കേണ്ടത്. പഞ്ചാബിൽ തനിച്ച് മത്സരിക്കുമെന്ന് ഇതിനോടകം തന്നെ മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം ഗുജറാത്തിൽ കോൺഗ്രസുമായി സീറ്റ് വിഭജനം ഉണ്ടായേക്കുമെന്ന സൂചനയാണ് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ നൽകിയത്.
പ്രധാന പ്രതിസന്ധി നിലനിൽക്കുന്നത് ബംഗാളിലാണ്. ബംഗാളിൽ മമതയുടെ തൃണമൂലും സിപിഎമ്മും കോൺഗ്രസും തമ്മിലാണ് സീറ്റുകൾ വിഭജിക്കേണ്ടത്. ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും സഖ്യത്തിലായിരുന്ന മത്സരിച്ചത്. തൃണമൂൽ കോൺഗ്രസ് തനിച്ചും. തൃണമൂലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതെങ്കിലും ബിജെപിക്ക് വിജയം നഷ്ടമായത് 4,300 വോട്ടുകളുടെ മാത്രം നഷ്ടത്തിലാണ്.
ലോക്സഭയിലേക്ക് ആകെയുള്ള 42 സീറ്റിൽ കോൺഗ്രസുമായി മമത ധാരണയിലെത്തിയേക്കും. എന്നാൽ സി പി എമ്മിന് അവർ എത്ര സീറ്റുകൾ നൽകാൻ തയ്യാറാകുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഈ സാഹചര്യത്തിൽ തൃണമൂലും എഎപിയും അടക്കമുള്ള പാർട്ടികൾ ഇനിയും പാർട്ടികൾ കടുംപിടിത്തം തുടർന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലേത് പോലെ തന്നെ ബിജെപി മുന്നേറുമെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല.












Click it and Unblock the Notifications