'എന്താണിത്ര ബുദ്ധിമുട്ട്..?'; പോള്‍ ഡാറ്റ വൈകുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം ഉള്‍പ്പെടെ എല്ലാ പോളിങ് സ്റ്റേഷനുകളിലെയും വോട്ടര്‍മാരുടെ അന്തിമ ആധികാരിക വിവരങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി സുപ്രീം കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം എന്ന് സുപ്രീം കോടതി പറഞ്ഞു.
ഹര്‍ജി മേയ് 24 ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. വോട്ടര്‍മാരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ രേഖപ്പെടുത്തുന്നതില്‍ എന്താണ് ബുദ്ധിമുട്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അമിത് ശര്‍മയോട് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഇതിന് സമയമെടുക്കും, തങ്ങള്‍ക്ക് ധാരാളം ഡാറ്റ ശേഖരിക്കേണ്ടതുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാല്‍ എല്ലാ പോളിംഗ് ഓഫീസര്‍മാരും വൈകുന്നേരത്തോടെ ആപ്പില്‍ ഡാറ്റ സമര്‍പ്പിക്കാറില്ലേ എന്നും അതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് ദിവസാവസാനത്തോടെ മുഴുവന്‍ നിയോജകമണ്ഡലത്തിന്റെയും ഡാറ്റ ലഭിക്കില്ല എന്നും ബെഞ്ച് ചോദിച്ചു. ഇതിന് പെട്ടെന്ന് ലഭിക്കാറില്ല എന്നായിരുന്നു അമിത് ശര്‍മ്മ പറഞ്ഞത്. എങ്കിലും അടുത്ത ദിവസമെങ്കിലും ഡാറ്റ ലഭിക്കില്േ എന്ന് ചന്ദ്രചൂഡ് ചോദിച്ചു.
ഇതിന് പിന്നാലെയാണ് ഒരാഴ്ചക്കുള്ളില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് ദിവസം പ്രഖ്യാപിച്ച പ്രാഥമിക കണക്കിനെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച അന്തിമ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതിനെ തുടര്‍ന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഏപ്രില്‍ 30 ന് പ്രസിദ്ധീകരിച്ച ഡാറ്റ പോളിംഗ് ദിവസം കമ്മീഷന്‍ പ്രഖ്യാപിച്ച കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ അന്തിമ വോട്ടര്‍മാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ് (ഏകദേശം 5-6%) കാണിക്കുന്നതായാണ് ഹര്‍ജിയിലുള്ളത്. ഇത് വോട്ടര്‍മാരുടെ എണ്ണം പ്രഖ്യാപിക്കുന്നതിലെ കാലതാമസവും അത്തരം ഡാറ്റയുടെ കൃത്യത സംബന്ധിച്ച് വോട്ടര്‍മാര്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിലെ ഓരോ ഘട്ട പോളിംഗിനു ശേഷവും ഡാറ്റ അപ്ലോഡ് ചെയ്യണം, കൂടാതെ മണ്ഡലം, പോളിംഗ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ കേവല സംഖ്യയിലും ശതമാന രൂപത്തിലും നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കൂടാതെ, ഫലങ്ങളുടെ സമാഹാരത്തിന് ശേഷമുള്ള സ്ഥാനാര്‍ത്ഥി തിരിച്ചുള്ള ഫലം ഉള്‍ക്കൊള്ളുന്ന ഫോം 17ഇ യുടെ ഭാഗം- II വെളിപ്പെടുത്താനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൃത്യവും അനിഷേധ്യവുമായ ഡാറ്റയെ അടിസ്ഥാനമാക്കി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മുഖേന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഹര്‍ജിക്കാരായ എഡിആര്‍ ആരോപിച്ചു. കമ്മീഷന്‍ ഏപ്രില്‍ 30 ന് പ്രസിദ്ധീകരിച്ച വോട്ടര്‍ ടേണ്‍ ഔട്ട് ഡാറ്റ ആദ്യ ഘട്ടം കഴിഞ്ഞ് 11 ദിവസത്തിനും രണ്ടാം ഘട്ടം കഴിഞ്ഞ് നാല് ദിവസത്തിനും ശേഷമാണെന്ന് എഡിആര്‍ പറയുന്നു.
കാലതാമസവും ഉയര്‍ന്ന റിവിഷന്‍ നിരക്കും വ്യതിരിക്തമായ നിയോജക മണ്ഡലങ്ങളുടെയും പോളിംഗ് സ്റ്റേഷന്‍ കണക്കുകളുടെയും അഭാവവും പ്രസ്തുത ഡാറ്റയുടെ ശരിയാണോ എന്ന ആശങ്കയും പൊതുജന സംശയവും ഉയര്‍ത്തിയതായി അപേക്ഷയില്‍ പറയുന്നു. അതിനാല്‍ പോളിംഗ് അവസാനിച്ചതിന് ശേഷം 48 മണിക്കൂറിനുള്ളില്‍ ഡാറ്റ വെളിപ്പെടുത്താന്‍ കമ്മീഷനോട് നിര്‍ദേശിക്കണെന്നായിരുന്നു എഡിആറിന്റെ വാദം.
ഇന്ന് നടന്ന വാദത്തിനിടെ എഡിആറിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം കമ്മീഷന്‍ വെളിപ്പെടുത്തണമെന്ന് പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ അമിത് ശര്‍മ ഹര്‍ജിയെ എതിര്‍ക്കുകയും എഡിആറിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ഹരജിയിലെ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങുന്ന മറ്റൊരു ബെഞ്ച് ഇവിഎം സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും അടുത്തിടെയുള്ള വിധിന്യായത്തില്‍ വിശദമായി പരിഗണിച്ചിട്ടുണ്ടെന്നും കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗും പറഞ്ഞു. എന്നാല്‍, ഇപ്പോഴത്തെ ഹര്‍ജിയില്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ച് തീരുമാനിച്ചതില്‍ നിന്ന് വ്യത്യസ്തമാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.












Click it and Unblock the Notifications