മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 64.4 ശതമാനം പോളിങ് രേഖപ്പെടുത്തി, ബംഗാളിൽ 70 ശതമാനം കടന്നു
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോഴേക്കും പോളിങ് ശതമാനത്തിൽ ഇടിവുണ്ടാവുമെന്ന് റിപ്പോർട്ട്. ഇത്തവണ പോളിങ് ശതമാനം 64.4 ശതമാനം മാത്രമാണെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച് മൂന്നാംഘട്ടത്തിൽ പോളിങ് കുറയുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡുകൾ നൽകുന്ന സൂചന. അന്തിമ വിവരം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരം ലഭിക്കണം. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിൽ ഒന്നാം ഘട്ടത്തിൽ യഥാക്രമം 66.14 ശതമാനവും 66.71 ശതമാനവും പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്.

ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ബംഗാളിൽ പോളിങ് ശതമാനം എഴുപത് കടന്നിരുന്നു. ബംഗാളിൽ 73 ശതമാനവും അസമിൽ 75 ശതമാനവും മഹാരാഷ്ട്രയിൽ 54 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ വിവരം വന്നുകഴിഞ്ഞാൽ ഈ കണക്കുകൾ മാറി മറിയാൻ ഇടയുണ്ട്.
ഇത് കൂടാതെ ഇന്ന് തിരഞ്ഞെടുപ്പ് നടന്നവയിൽ അസം 75.01 ശതമാനം, ബീഹാർ 56.50 ശതമാനം, ഛത്തീസ്ഗഡ് 66.94 ശതമാനം, ഗോവ 74 ശതമാനം, ഗുജറാത്ത് 56.19 ശതമാനം, കർണാടക 66.75 ശതമാനം, മധ്യപ്രദേശ് 62.75 ശതമാനം, മഹാരാഷ്ട്ര 53.95 ശതമാനം, ഉത്തർപ്രദേശ് 57.03 ശതമാനം, ദാദ്ര & നഗർ ഹവേലി, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു 65.23 ശതമാനം എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്.
അതേസമയം പോളിങ് കുറയുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പാർട്ടികൾ. ഇന്ന് വോട്ടെടുപ്പ് നടന്ന 93 സീറ്റുകളിൽ കൂടുതൽ ബിജെപി ശക്തി കേന്ദ്രങ്ങളിൽ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 72 എണ്ണവും ബിജെപി നേടിയിരുന്നു അതിൽ 26 എണ്ണം ഗുജറാത്തിൽ നിന്ന് മാത്രമാണ്.
കർണാടക, യുപി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടന്നിരുന്നു. അതിൽ കർണാടക ഉൾപ്പെടെ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനമാണ്. എന്നാൽ ആകെ വോട്ടിങ് ശതമാനം ഇടിയുന്നത് ഏത് രീതിയിൽ ബാധിക്കുമെന്നാണ് ഇപ്പോൾ പാർട്ടി കണക്ക് കൂട്ടുന്നത്.












Click it and Unblock the Notifications