'ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാം'; നേതാക്കളുമായി ബിജെപി ആസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് കെജ്രിവാള്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കളോടൊപ്പം മെയ് 19 ന് ഉച്ചയ്ക്ക് ബി ജെ പി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാഘവ് ഛദ്ദ, സൗരഭ് ഭരദ്വാജ്, അതിഷി എന്നിവരുള്‍പ്പെടെ പ്രമുഖ ആം ആദ്മി നേതാക്കളെ ജയിലിലാക്കാന്‍ ബി ജെ പി ആഗ്രഹിക്കുന്നുവെന്ന് കെജ്രിവാള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'പ്രധാനമന്ത്രി നരേന്ദ്ര മോോദി 'ജയില്‍ കാ ഖേല്‍' കളിക്കുകയാണ്. നാളെ, ഞാന്‍ ഉച്ചയ്ക്ക് 12 മണിക്ക് ബി ജെ പി ആസ്ഥാനത്ത് എന്റെ പാര്‍ട്ടിയിലെ എല്ലാ ഉന്നത നേതാക്കളേയും എം എല്‍ എമാരേയും എം പിമാരേയും കൊണ്ടുവരുന്നുണ്ട്. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും ജയിലില്‍ അടയ്ക്കാം,'' കെജ്രിവാള്‍ പറഞ്ഞു. നേതാക്കളെ ജയിലിലേക്ക് അയച്ചുകൊണ്ട് തന്റെ പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു.

'എഎപി ഒരു ആശയമാണ്. എത്ര എഎപി നേതാക്കളെ നിങ്ങള്‍ ജയിലിലടച്ചാലും രാജ്യം നൂറിരട്ടി നേതാക്കളെ സൃഷ്ടിക്കും', അദ്ദേഹം പറഞ്ഞു. മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, സഞ്ജയ് സിംഗ് തുടങ്ങിയ എഎപി നേതാക്കളെ ബി ജെ പി ജയിലിലാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ സര്‍ക്കാര്‍ നല്ല സ്‌കൂളുകള്‍ നിര്‍മ്മിച്ചു, മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിച്ചു, സൗജന്യ ചികിത്സ നല്‍കി, നഗരത്തില്‍ 24 മണിക്കൂറും സൗജന്യ വൈദ്യുതി വിതരണം നടത്തി.
ഇത്തരത്തില്‍ ബി ജെ പിക്ക് ചെയ്യാന്‍ കഴിയാത്തത് നടത്തിയതാണ് എ എ പി ചെയ്ത തെറ്റെന്നും അദ്ദേഹം പറഞ്ഞു. സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം. ഇന്ന് ഉച്ചയോടെ ഡല്‍ഹി പൊലീസ് സംഘം മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ബിഭാവ് കുമാറിനെ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു.
കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ബിഭാവ് കുമാര്‍ തന്നെ ആക്രമിക്കുകയും നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് സ്വാതി മലിവാള്‍ ആരോപിച്ചത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് ആം ആദ്മി പറയുന്നത്. സംഭവത്തില്‍ സ്വാതി മലിവാളിന്റെ പരാതിയില്‍ പൊലീസ് വ്യാഴാഴ്ച എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനഃസൃഷ്ടിക്കുന്നതിനായി പൊലീസ് വെള്ളിയാഴ്ച സ്വാതി മലിവാളിനെ കെജ്രിവാളിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയും തീസ് ഹസാരി കോടതിയില്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഇവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം ഡല്‍ഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി ജൂണ്‍ 1 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പിന് ശേഷം ജൂണ്‍ രണ്ടിന് കെജ്രിവാളിന് വീണ്ടും ജയിലിലേക്ക് മടങ്ങണം.












Click it and Unblock the Notifications