കെജ്രിവാളിന് കൈകൊടുക്കാന്‍ കോണ്‍ഗ്രസ്, മമതയും അഖിലേഷും ഇടഞ്ഞ് തന്നെ; മാറ്റിയെടുക്കാന്‍ നീക്കം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ ഏറ്റവും എതിര്‍ത്ത ആംആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാല്‍ മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിയും ഇതുവരെ കോണ്‍ഗ്രസ് അനുകൂല സമീപനം പുറത്തെടുത്തിട്ടില്ല.
മമത കോണ്‍ഗ്രസിന്റെ നേതൃത്വവുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ മാത്രമേ നടത്തൂ എന്ന നിലപാടിലാണ്. അതേസമയം ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എസ്പിയുമായുള്ള സഖ്യം നിലവില്‍ വരാനാണ് സാധ്യത. 9 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ഓഫര്‍ ചെയ്യാന്‍ എസ്പി തയ്യാറാണ്. ഇതില്‍ അമേഠിയും റായ്ബറേലിയുമെല്ലാം വരും. കോണ്‍ഗ്രസ് ഈ ഓഫര്‍ സ്വീകരിക്കാനാണ് സാധ്യത.

ഡല്‍ഹിയിലും, പഞ്ചാബിലും എഎപിയുമായുള്ള സഖ്യം വൈകാതെ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. പരസ്പരം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് ഇരുനേതാക്കളും അറിയിക്കുകയായിരുന്നു.
ഇതോടെ കോണ്‍ഗ്രസിനെ ഏറ്റവും എതിര്‍ത്ത എഎപിയുമായുള്ള പ്രശ്‌നങ്ങളും കോണ്‍ഗ്രസ് പരിഹരിച്ച് കൊണ്ടിരിക്കുകയാണ്. യോഗത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും, എഎപി എംപി രാഘവ് ഛദ്ദയും പങ്കെടുത്തിരുന്നു. അതേസമയം എത്ര സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തിലേക്ക് ഇരുപാര്‍ട്ടികളും കടന്നില്ല.
പരസ്പരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇരുപാര്‍ട്ടികളും മുന്‍കൈ നല്‍കിയത്. ഇന്ത്യ സഖ്യത്തെ പരമാവധി മുന്നോട്ട് നയിക്കാന്‍ വേണ്ട കാര്യങ്ങള്‍ക്കായി ഇവര്‍ ഒരുമിച്ച് നില്‍ക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഏത് അളവില്‍ വേണമെങ്കിലും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്ന് എഎപി അറിയിച്ചു.
ഏതൊരു മണ്ഡലത്തിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് കൂടുതല്‍ വിജയസാധ്യതയുണ്ടെങ്കില്‍, ആ സീറ്റ് നല്‍കുന്നതില്‍ ഒരു മടിയുമില്ലെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു. അതേസമയം ചില മണ്ഡലങ്ങളില്‍ പരസ്പരം മത്സരിക്കേണ്ടി വരുമെന്ന കെജ്രിവാളിന്റെ വാദത്തോട് കോണ്‍ഗ്രസും യോജിച്ചു. ഇരുപാര്‍ട്ടികളും ചിലയിടങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
നിലവില്‍ എസ്പിയെയും എഎപിയെയും കോണ്‍ഗ്രസ് അനുനയിപ്പിച്ചിട്ടുണ്ട്. പക്ഷേ മമതയെ മാത്രം അനുനയത്തിന് കിട്ടിയിട്ടില്ല. ഇതിന് പ്രധാന കാരണം കോണ്‍ഗ്രസിന്റെ ബംഗാള്‍ സമിതിയാണ്. അധീര്‍ രഞ്ജന്‍ ചൗധരിയുടെ വ്യക്തിപരമായ ആക്രമണങ്ങള്‍ മമതയെ ചൊടിപ്പിച്ചിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷനായി വരുന്നതോടെ മമതയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
അതേസമയം നിതീഷ് കുമാറിനെ കണ്‍വീനര്‍ ആകുന്നതിനെയും മമത എതിര്‍ക്കുന്നുണ്ട്. എഎപിയുമായുള്ള സഖ്യം ഡല്‍ഹിയിലും, പഞ്ചാബിലും മാത്രമാവില്ല. ഹരിയാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലുമുണ്ട്. ഇതില്‍ ഹരിയാന, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ എഎപിക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതികള്‍ സമ്മതിക്കുന്നില്ല. ഇത് പ്രശ്‌നമാകാനും സാധ്യതയുണ്ട്.












Click it and Unblock the Notifications