ബിജെപിക്കൊപ്പം ഓടിയെത്താനാവാതെ ഇന്ത്യ സഖ്യം, നിതീഷ് പോയതോടെ എന്തെല്ലാം സംഭവിക്കാം? സാധ്യതകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ബിജെപി. രാമക്ഷേത്രമായിരുന്നു ഇതിന്റെ തുടക്കമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തേത് മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു. നിതീഷ് കുമാറിന്റെ വരവോടെ ഇന്ത്യ സഖ്യത്തിന്റെ അടിത്തറ തന്നെ തകര്‍ന്നുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
നിലവിലെ സാഹചര്യം ബിജെപിക്ക് അനുകൂലമായി കൊണ്ടിരിക്കുകയാണ്. നിതീഷിന്റെ വരവോടെ ബീഹാറില്‍ വന്‍ മാര്‍ജിനിലുള്ള വിജയം എന്‍ഡിഎ ഉറപ്പാക്കിയിരിക്കുകയാണ്. കഴിഞ്ഞ തവണ നിതീഷുമായി കൈകോര്‍ത്തപ്പോള്‍ 39 സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കിയിരുന്നു. ഇത്തവണ അത് ആവര്‍ത്തിക്കാന്‍ സാധ്യതയേറെയാണ്.

ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നല്‍കുന്ന നിരവധി ഘടകങ്ങളുണ്ട്. ആദ്യത്തേത് നിതീഷിന്റെ മാറ്റം തന്നെയാണ്. ഇന്ത്യ സഖ്യം നിലവില്‍ വരാന്‍ തന്നെ കാരണം നിതീഷാണ്. സഖ്യത്തിന്റെ ദൗര്‍ബല്യവും കരുത്തുമെല്ലാം കൃത്യമായി നിതീഷിന് അറിയാം. ഇതിന് പുറമേ ഇന്ത്യ സഖ്യത്തില്‍ ഐക്യമില്ലായ്മ വലിയ പ്രശ്‌നമാണ്.
കോണ്‍ഗ്രസുമായി തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നിവര്‍ക്കൊന്നും ഐക്യമില്ല. ബീഹാറില്‍ കോണ്‍ഗ്രസ് വേണ്ട ഇടപെടല്‍ നടത്തിയിട്ടും ഇല്ല. ആര്‍ജെഡിയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ക്കായി വിലപേശല്‍ കോണ്‍ഗ്രസ് നടത്തിയേക്കും. പക്ഷേ അത് ആര്‍ജെഡി നല്‍കുന്ന കാര്യം സംശയമാണ്. നിതീഷിന്റെ മാറ്റം ഈ രീതിയില്‍ കോണ്‍ഗ്രസിനെ ബാധിക്കാം.
നിതീഷ് പോയതോടെ ആര്‍ജെഡിയുടെ കരുത്ത് ചോരും. നിതീഷ് കൂടെ നില്‍ക്കുമ്പോള്‍ ഇവരുടെ അടിസ്ഥാന വോട്ടുകള്‍ ശക്തമായി മാറും. ഇനി ആ പേടി ബിജെപിക്കില്ല. സീറ്റ് വിഭജനത്തില്‍ നിതീഷിനെ നിയന്ത്രിക്കാനും ബിജെപിക്ക് സാധിക്കും. എത്രയും പെട്ടെന്ന് നിതീഷിനെ സംസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങളായിരിക്കും ബിജെപി നടത്തുക. അതിലൂടെ സമ്പൂര്‍ണമായ നിയന്ത്രണം ബീഹാറില്‍ ബിജെപിക്ക് ലഭിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ ദുര്‍ബലമാക്കിയത് പിന്നണിയില്‍ ഇരുന്നുള്ള ബിജെപിയുടെ നീക്കങ്ങളായിരുന്നു. ഭരണം വീണ്ടും ലഭിച്ചതോടെ ജെഡിയുവിനെ പൂര്‍ണമായും തകര്‍ക്കാനുള്ള അവസരം കൂടിയാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. ഗിരിരാജ് സിംഗ് അടക്കമുള്ള നേതാക്കള്‍ ഒറ്റയ്ക്ക് ഭരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇത് ഉറപ്പായും ജെഡിയുവിനെ ദുര്‍ബലമാക്കുമെന്ന് ഉറപ്പാണ്.
അതേസമയം ബിജെപിയുടെ നയപരമായ തീരുമാനങ്ങളില്‍ ഇന്ത്യ സഖ്യത്തിന് ഒറ്റക്കെട്ടായി അഭിപ്രായമില്ലാത്തതും നേട്ടം എന്‍ഡിഎയ്ക്കാണ്. രാമക്ഷേത്രത്തില്‍ തന്നെ എഎപി അതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇടതുപാര്‍ട്ടികള്‍ മാത്രമാണ് അങ്ങനെ ആവശ്യപ്പെട്ടത്. ഇതെല്ലാം സഖ്യത്തില്‍ യോജിപ്പില്ലെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.
ഇത്തവണ ഭാരത് ജോഡോ യാത്ര പരമാവധി വിവാദമാക്കി വാര്‍ത്തയില്‍ നിറയാനും രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ശ്രമിച്ചിരുന്നു. അതും കാര്യമായ വിജയിച്ചിട്ടില്ല. അസമില്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസ് നേടുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കില്ല. അങ്ങനെ നിതീഷ് എന്‍ഡിഎയില്‍ തിരിച്ചെത്തിയത് അദ്ദേഹത്തേക്കാള്‍ നേട്ടങ്ങള്‍ വരാന്‍ പോകുന്നത് ബിജെപിക്കാണ്.












Click it and Unblock the Notifications