ഡല്‍ഹി പിടിക്കാന്‍ പുതിയ ക്യാമ്പയ്നുമായി കോണ്‍ഗ്രസ്: ആപ്പിനേക്കാള്‍ കൂടുതല്‍ സീറ്റും വേണം
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായി കോണ്‍ഗ്രസ്. ബൂത്ത് തലം മുതലുള്ള പ്രവർത്തനം ശക്തിപ്പെടുത്തി പഴയ കോട്ടയിലെ പ്രതാപം തിരിച്ച് പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍ നിർത്തി പ്രത്യേക വാർ റൂം സ്ഥാപിച്ചു കൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രവർത്തനം. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രചരണത്തിനായി കൂടുതല്‍ ഉപയോഗിക്കും.
ബൂത്ത് തലത്തില്‍ സംഘടനയിലേക്ക് കൂടുതല്‍ പ്രേക്ഷകരെ ആകർഷിക്കാനുള്ള പരിപാടിയും നടത്തും. ലോക്‌സഭാ, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള ഒരുക്കങ്ങൾ ഡൽഹി കോൺഗ്രസ് ആരംഭിച്ചതായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലിയും വ്യക്തമാക്കി. കോൺഗ്രസിനുള്ളിൽ ആധുനിക സോഷ്യൽ മീഡിയ ടൂളുകളിൽ പ്രാവീണ്യമുള്ള യുവാക്കളെ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമായ കാര്യമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ദീപക് ബാബരിയയും കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാകുന്ന ആളുകളെ കണ്ടെത്താന്‍ ഗൂഗിള്‍ ഫോമില്‍ പേര് വിവരങ്ങള്‍ ചേർത്തുകൊണ്ടുള്ള ഒരു ക്യാമ്പയ്നിനും കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ ബൂത്ത് ലെവൽ ഏജന്റുമാരോടും ഉത്തരവാദപ്പെട്ട പദവികൾ വഹിക്കുന്ന മറ്റുള്ളവരോടും ഫോമുകൾ പൂരിപ്പിക്കാൻ ആളുകളെ സഹായിച്ചുകൊണ്ട് പരമാവധി ആളുകളെ കാമ്പെയ്‌നിൽ ചേർക്കണമെന്ന് പി സി സി അധ്യക്ഷന്‍ അഭ്യർത്ഥിച്ചു.
പേര്, ജാതി, വിലാസം, അസംബ്ലി, ജില്ല, ലോക്‌സഭാ മണ്ഡലം, വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പർ, പോളിംഗ് ബൂത്ത് തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ ആവശ്യപ്പെടുന്നത്. ഫോം പൂരിപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ഉത്തരവാദിത്തം ബൂത്ത് ലെവൽ ഏജന്റുമാർ, ജില്ലാ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോൺഗ്രസും എഎപിയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 5-2 ഫോർമുലയില്‍ മത്സരിച്ചേക്കുമെന്ന സൂചനയുമുണ്ട്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്ത പാർട്ടികള്‍ക്ക് ആ സീറ്റ് നല്‍കുകയെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വിഭജനം. അതേസമയം, എ എ പിയുമായി സഖ്യമാകാമെങ്കിലും മുൻതൂക്കം തങ്ങള്‍ക്ക് തന്നെ വേണമെന്ന അഭിപ്രായമാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിൽ അഞ്ചിലും കോൺഗ്രസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ആം ആദ്മി പാർട്ടി രണ്ട് സീറ്റുകളിൽ മാത്രമായിരുന്നു രണ്ടാം സ്ഥാനം ലഭിച്ചത്. ഏഴ് സീറ്റുകളും ബി ജെ പി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിനും ആം ആദ്മിക്കും ഒരു സീറ്റിലും വിജയിക്കാന്‍ സാധിച്ചില്ല. ഡൽഹിയിൽ നിലവിലുള്ള ഫോർമുല തുടരാമെന്നും ആം ആദ്മി പാർട്ടിയുമായി ധാരണയിലെത്താത്ത സാഹചര്യത്തിൽ കോൺഗ്രസിന് നാല് സീറ്റും ആം ആദ്മി പാർട്ടിക്ക് മൂന്ന് സീറ്റും നൽകാനുള്ള ഫോർമുല പരിഗണിക്കാമെന്നുമാണ് ഒരു മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം പറഞ്ഞത്.












Click it and Unblock the Notifications