ലോക്സഭ തിരഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ ബിജെപിയുടെ അവസാന നീക്കവും പാളി, 39 സീറ്റിലും തനിച്ച് മത്സരിക്കും
ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ ആലോചനകളുമായി ബി ജെ പി. എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം വീണ്ടും പാളിയതിന് പിന്നാലെയാണ് 39 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള നീക്കം ബിജെപി ആരംഭിച്ചത്. ഇതിനായി നേതാക്കളെ ചുമതലപ്പെടുത്താൻ അധ്യക്ഷൻ കെ അണ്ണാമല നിർദ്ദേശം നൽകി.
മികച്ച പ്രവർത്തനം കാഴ്ചവെച്ച നേതാക്കളുടെ പേര് നൽകണമെന്നാണ് അണ്ണാമലൈ നിർദ്ദേശിച്ചിരിക്കുന്നത്. ഈ പേരുകൾ ദേശീയ നേതൃത്വത്തിന് അയച്ച് അനുമതി നേടിയെടുക്കും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെയുമായി സഖ്യത്തിലായിരുന്നു ബി ജെ പി മത്സരിച്ചിരുന്നത്. എന്നാൽ ഡി എം കെ - കോണ്‍ഗ്രസ് - ഇടത് സഖ്യം തീർത്ത തരംഗത്തിൽ നിലംതൊടാൻ പോലും ബി ജെ പിക്ക് സാധിച്ചിരുന്നില്ല.

എ ഐ എ ഡി എം കെയാകട്ടെ തേനി ഒഴികെ മത്സരിച്ച 19 സീറ്റിലും പരാജയപ്പെട്ടു.ഡി എം കെ മത്സരിച്ച 20 ല്‍ 20 സീറ്റിലും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 9 ല്‍ എട്ടിലും ഇടത് പാർട്ടികളായ സി പി എമ്മും സി പി ഐയും രണ്ട് വീതം സീറ്റുകളിലും വിജയിച്ചു. ലീഗ്, എം ഡി എം കെ , വി സി കെ, തുടങ്ങിയ നാല് കക്ഷികള്‍ ഒരോ സീറ്റുകളിലുമായിട്ടായിരുന്നു വിജയം.
ഇത്തവണയും ഐഐഎഡിഎംകെയുമായി ബി ജെ പി സഖ്യം ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ ബി ജെ പിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി പാർട്ടിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്ന് എ ഐ എ ഡി എം കെ പ്രഖ്യാപിക്കുകയായിരുന്നു. എ ഐ എ ഡി എം കെയുടെ മുൻ നേതാക്കളെക്കുറിച്ചുള്ള ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ ഉൾപ്പെടെയുള്ളവരുടെ പരാമർശങ്ങളായിരുന്നു നേതൃത്വത്തെ ചൊടിപ്പിച്ചത്.
സഖ്യം പുനഃസ്ഥാപിക്കാൻ ദേശീയ നേതൃത്വം അടക്കം ഇടപെട്ടെങ്കിലും വഴങ്ങാൻ എ ഐ എ ഡി എം കെ തയ്യാറായില്ല. ഇതോടെ എ ഐ എ ഡി എം കെ വിമതരുമായും മറ്റ് ചെറുപാർട്ടികളുമായും സഖ്യം ഉണ്ടാക്കാനായിരുന്നു ബി ജെ പിയുടെ ആദ്യ നീക്കം. എന്നാൽ ഇത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തനിച്ച് മത്സരിക്കാൻ ഇപ്പോൾ തയ്യാറെടുക്കുന്നത്.












Click it and Unblock the Notifications