'കൃഷ്ണ.. ഗുരുവായൂരപ്പാ, ഭഗവാനേ'; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി
ന്യൂഡൽഹി: പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്ക് കയറുംമുൻപ് നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്ഞയിലേക്ക് കടക്കും മുൻപ് ' കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്ന് ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് അദ്ദേഹം എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ബി ജെ പി യുടെ കേരളത്തിൽ നിന്നുള്ള ആദ്യ ലോക്സഭാ അംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി മന്ത്രിസഭയിലെ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹ മന്ത്രിയാണ് സുരേഷ് ഗോപി.

തൃശൂരിൽ സി പി ഐ സ്ഥാനാർത്ഥി സുനിൽ കുമാറിനെയും കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനേയും പരാജയപ്പെടുത്തിയാണ് സുരേഷ് ഗോപി വിജയിച്ചത്. 4,12,338 വോട്ടുകൾ ആണ് സുരേഷ് ഗോപി നേടിയത്.
ഭൂരിപക്ഷം 74686 വോട്ടുകളായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു, കോൺഗ്രസിന്റെ ടി എൻ പ്രതാപനാണ് 415,089 വോട്ടുകൾ നേടി വിജയിച്ചത്. മൊത്തം വോട്ടിന്റെ 39. 83 %. സി പി ഐയുടെ രാജാജി മാത്യു തോമസ് 321,456 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. സുരേഷ് ഗോപിക്ക് 293,822 വോട്ടുകൾ ആണ് ലഭിച്ചത്.
അതേ സമയം ലോക് സഭയിൽ എം പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമെ നടന്നത്. കേരളത്തിൽ നിന്നുള്ള മറ്റൊരു കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ സത്യപ്രതിജ്ഞയും ഉടൻ നടക്കും. കേരളത്തിൽ നിന്നുള്ള മറ്റ് എം പിമാരുടെ സത്യപ്രതിജ്ഞ വൈകുന്നേരം നാല് മണിയോടെയാകും നടക്കുക.
പതിനെട്ടാം ലോക് സഭയുടെ ആദ്യ സമ്മേളനത്തിനാണ് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി മോദിയാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. പുതുതായി തിരഞ്ഞെടുത്ത എം പിമാർക്ക് പ്രോടൈെ സ്പീക്കർ ഭർതൃഹരി മത്താവാണ് സത്യ വാകകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധിച്ചിരുന്നു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചാണ് പ്രതിപക്ഷ എം പിമാര്‍ പ്രതിഷേധിച്ചത്












Click it and Unblock the Notifications