2019 ലെ നാണക്കേട് തീര്‍ക്കണം.. ബിജെപിക്ക് ദക്ഷിണേന്ത്യ പിടിച്ചേ തീരൂ, തന്ത്രങ്ങള്‍ ഇങ്ങനെ
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റ് നേടാന്‍ ഭഗീരഥയത്‌നവുമായി ബി ജെ പി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 129 ലോക്സഭാ സീറ്റുകളില്‍ 29 എണ്ണം മാത്രമേ ബി ജെ പിക്ക് നേടാനായിരുന്നുള്ളൂ. ഇതില്‍ 25 സീറ്റും കര്‍ണാടകയില്‍ നിന്നായിരുന്നു ബി ജെ പിക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കര്‍ണാടകയിലെ ഭരണം നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബി ജെ പിക്ക് 2019 ല്‍ അക്കൗണ്ട് തുറക്കാനായിരുന്നില്ല. ഈ അവസ്ഥ മറികടക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇവിടങ്ങളില്‍ പ്രചാരണത്തിനായി ധാരാളം സമയം ചെലവഴിക്കാനും വരുന്ന രണ്ട് മാസത്തിനുള്ളില്‍ വികസന പദ്ധതികള്‍ ആരംഭിക്കാനുമാണ് ബി ജെ പിയുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും മുന്‍നിര്‍ത്തി ദക്ഷിണേന്ത്യയില്‍ വലിയ ലക്ഷ്യങ്ങള്‍ നേടാം എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍. പുതിയ വിമാനത്താവളം ഉള്‍പ്പെടെ 20000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ചൊവ്വാഴ്ച തമിഴ്നാട്ടില്‍ എത്തിയിരുന്നു. ഇന്ന് കേരളത്തില്‍ എത്തുന്ന മോദി തൃശൂരില്‍ വലിയ റോഡ് ഷോയും പൊതുയോഗവും സംഘടിപ്പിക്കും.
പൊതുയോഗത്തില്‍ രണ്ട് ലക്ഷത്തോളം ബി ജെ പി വനിതാ പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് 40-50 സീറ്റെങ്കിലും നേടുക എന്നതാണ് ബി ജെ പിയുടെ ലക്ഷ്യം. കര്‍ണാടകയിലെ 25 സീറ്റുകള്‍ തങ്ങള്‍ നിലനിര്‍ത്തും എന്നും ജനങ്ങള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഒരു മുതിര്‍ന്ന ബി ജെ പി നേതാവ് ന്യൂസ് 18 നോട് പറഞ്ഞു
'തോറ്റെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് വിഹിതം കുറഞ്ഞില്ല. നാല് ലോക്സഭാ സീറ്റുകള്‍ നേടിയ തെലങ്കാനയില്‍ 2019-നേക്കാള്‍ മികച്ച പ്രകടനം നടത്തും. കേരളത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ചില സീറ്റുകള്‍ നേടാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും തിരഞ്ഞെടുപ്പ് പ്രമാണിച്ച് ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാധ്യത.
സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ അണ്ണാമലൈയുടെ ആക്രമണാത്മക രാഷ്ട്രീയ നിലപാടിനെ തുടര്‍ന്ന് എ ഐ എ ഡി എം കെ ബി ജെ പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനാല്‍ ഇത്തവണ തമിഴ്നാട്ടില്‍ ബി ജെ പി ഒറ്റയ്ക്ക് പോരാടും. കേരളത്തിലും ബി ജെ പി ഇടതുപക്ഷത്തെയും കോണ്‍ഗ്രസിനെയും ശക്തമായി നേരിടുകയും വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കാനുമുള്ള നീക്കത്തിലാണ്.
തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബന്ദി സഞ്ജയ് കുമാറിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള തീരുമാനമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് തിരിച്ചടിയായത്. എന്നാല്‍ ബി ആര്‍ എസിന്റെ തകര്‍ച്ചയോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ തെലങ്കാനയില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് എന്നാണ് പാര്‍ട്ടി അനുഭാവികള്‍ പറയുന്നത്.












Click it and Unblock the Notifications