റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; അട്ടിമറി സാധ്യത സംശയിച്ച് റെയില്‍വേ
ലഖ്‌നൗ: റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രേംപൂര്‍ സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. കാണ്‍പൂരില്‍ നിന്ന് പ്രയാഗ്രാജിലേക്ക് പോവുകയായിരുന്നു ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ആണ് ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടത്.
സിലിണ്ടര്‍ കണ്ടയുടന്‍ ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് അമര്‍ത്തി. റെയില്‍വേ പൊലീസ് എത്തി സിലിണ്ടര്‍ ട്രാക്കില്‍ നിന്ന് നീക്കി. അട്ടിമറി സാധ്യത അടക്കുള്ള കാര്യങ്ങളില്‍ ആര്‍പിഎഫ് അന്വേഷണം നടത്തി വരികയാണ്. ഇന്ന് പുലര്‍ച്ചെ 5:50 നായിരുന്നു സംഭവം എന്നും അഞ്ച് ലിറ്ററിന്റെ കാലി സിലിണ്ടറാണ് ട്രാക്കിലുണ്ടായിരുന്നത് എന്നും നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ സിആര്‍പിഒ വ്യക്തമാക്കി.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനും (ആര്‍പിഎഫ്) കാണ്‍പൂര്‍ പൊലീസിനും ഉടന്‍ തന്നെ ലോക്കോ പൈലറ്റ് വിവരം കൈമാറിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഈസ്റ്റ്) ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു. കാണ്‍പൂരില്‍ സമീപകാലത്ത് നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പങ്കി വ്യവസായ മേഖലയ്ക്ക് സമീപം സബര്‍മതി എക്സ്പ്രസിന്റെ എഞ്ചിനും 20 കോച്ചുകളും പാളം തെറ്റിയിരുന്നു.
സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്നും ഭാഗ്യവശാലാണ് അപകടം ഒഴിവായത്. കഴിഞ്ഞയാഴ്ച ബിലാസ്പൂര്‍ റോഡിനും രുദ്രപൂര്‍ നഗരത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കില്‍ ആറ് മീറ്റര്‍ നീളമുള്ള ഇരുമ്പ് ദണ്ഡ് കണ്ടെത്തിയിരുന്നു. ഇതിലും അട്ടിമറി സാധ്യതയുണ്ട് എന്നാണ് റെയില്‍വേയുടെ സംശയം. സെപ്റ്റംബര്‍ 18 ന് ബിലാസ്പൂര്‍ റോഡില്‍ നിന്ന് ഉത്തരാഖണ്ഡിലെ രുദ്രാപൂരിലേക്ക് പോവുകയായിരുന്ന 12091 നമ്പര്‍ ട്രെയിന്‍ അപായപ്പെടുത്താനും ശ്രമമുണ്ടായിരുന്നു.
ട്രാക്കില്‍ ഇരുമ്പുവടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റിന്റെ ഇടപെടലില്‍ ആണ് അന്നും അപകടം ഒഴിവായത്. പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ജീവനക്കാര്‍ ഇരുമ്പുവടി നീക്കി കൂടുതല്‍ അപകടങ്ങളില്ലാതെ യാത്ര പുനരാരംഭിക്കുകയായിരുന്നു.












Click it and Unblock the Notifications