ലുലു ഉറപ്പിച്ചു; ആന്ധ്രയില്‍ വരുന്നത് ഒന്നല്ല 3 മാളുകള്‍: അതും ഈ നഗരങ്ങളില്‍, അനുമതി നല്‍കി നായിഡു
വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ആന്ധ്രാപ്രദേശില്‍ മാള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകള്‍ ലുലു അധികൃതർ ആരംഭിച്ചിരുന്നു. ഇതിനായി വിശാഖപട്ടണത്ത് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഭൂമി അനുവദിക്കുകയും ചെയ്തു. എന്നാല്‍ നായിഡു അധികാരത്തില്‍ നിന്നും പുറത്തായി ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതോടെ പദ്ധതി റദ്ധാക്കുകയും ലുലുവിന് നല്‍കിയ ഭൂമി തിരികെ പിടിക്കുകയും ചെയ്തു.
ഭൂമി സർക്കാർ തിരിച്ചെടുത്തതോടെ ആന്ധ്രയിലെ പദ്ധതികള്‍ ലുലു പൂർണ്ണമായി ഉപേക്ഷിക്കുകയും തെലങ്കാനയും കർണാടകയും അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാര തിരികെ പിടിച്ച ചന്ദ്രബാബു നായിഡു വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാന്‍ യൂസഫലിയെ സമീപിക്കുകയും പദ്ധതികളെക്കുറിച്ച് വിശദമായി ചർച്ച നടത്തുകയും ചെയ്തു.

ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ച ലുലു ഗ്രൂപ്പ് ആന്ധ്രയില്‍ പഴയതിനേക്കാള്‍ വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. തീരദേശ നഗരമായ വിശാഖപട്ടണത്തിന് പുറമെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായ അമരാവതി, ആത്മീയ നഗരമായ തിരുപ്പതിയിലും മാള്‍ നിർമ്മിക്കാന്‍ തയ്യാറാണെന്നാണ് ലുലു ആന്ധ്രപ്രദേശ് സർക്കാറിനെ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയോഗം മുന്നാകെ ഇക്കാര്യം ചന്ദ്രബാബു നായിഡു അവതരിപ്പിക്കുകയും ചെയ്തു.
വിശാഖപട്ടണത്തെ മാളിന് സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് അംഗീകാരം നല്‍കിയതിന് പിന്നാലെ ഇപ്പോൾ മന്ത്രിസഭയും അന്തിമ അനുമതി നല്‍കി. ഇതോടെ എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കും. സംസ്ഥാന തലസ്ഥാനമായ അമരാവതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ഘാടനത്തോടെ വീണ്ടും പുനരാരംഭിക്കുമെന്നും ചന്ദ്രബാബു നായിഡു അറിയിച്ചു. തലസ്ഥാനത്തെ പ്രധാനപ്പെട്ട മേഖലയില്‍ തന്നെയായിരിക്കും ലുലു മാള്‍ വരികയെന്നാണ് സൂചന.
രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ വിശാഖപട്ടണത്ത് നിർമ്മിക്കാനായിരുന്നു ലുലു നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. വിശാഖപട്ടണം ബീച്ച് റോഡില്‍ ലോകോത്തര കണ്‍വെന്‍ഷന്‍ സെന്റര്‍ അടക്കം നിർമ്മിക്കുന്നതിന് ചന്ദ്രബാബു നായിഡു 2019 ല്‍ ഭൂമി അനുവദിക്കുകയും ചെയ്തു. 14 ഏക്കർ ഭൂമിയില്‍ ഏകദേശം 2300 കോടി രൂപയുടെ നിക്ഷേപമായിരുന്നു ലുലു ലക്ഷ്യമിട്ടത്.
2018 ഫെബ്രുവരിയില്‍ മെഗാ കണ്‍വെന്‍ഷന്‍ സെന്ററിന് തറകല്ലിടുകയും ചെയ്തു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് 16 കോടിയോളം ചിലവഴിച്ചെങ്കിലും 2019 ല്‍ അധികാരത്തിലേറിയ ജഗന്‍ മോഹന്‍ സര്‍ക്കാര്‍ ഈ നടപടിയുമായി മുന്നോട്ട് പോകാന്‍ തയ്യാറായില്ല. ടിഡിപി സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ജഗന്റെ മന്ത്രിസഭയുടെ വിലയിരുത്തല്‍. ഇതോടെയാണ് ലുലു അന്ന് ആന്ധ്രയിലെ പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ച് മടങ്ങിയത്.












Click it and Unblock the Notifications