കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു; പിരിഞ്ഞുപോകാതെ അണികൾ; പോലീസ് ലാത്തി വീശി
ചെന്നൈ: ഡി എം കെ അധ്യക്ഷൻ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇന്നലെ രാത്രി 9.30ന് കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളനിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഇടയ്ക്ക് മോശമായെന്നും എന്നാൽ പിന്നീട് നില മെച്ചപ്പെട്ടെന്നും അറിയിക്കുകയായിരുന്നു. ഇതോടെ ആശുപത്രി പരിസരത്ത് നിലനിന്നിരുന്ന ആശങ്കകൾക്ക് അയവ് വന്നു.
കലൈജ്ഞരുടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിന് അണികളാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിട്ടതോടെ പോലീസിന് ലീത്തി വീശേണ്ടി വന്നു. ആശുപത്രി പരിസരത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിരിക്കുകയാണ്.

അണികൾ
ഞായറാഴ്ച രാത്രി ഏഴരയോടെ കരുണാനിധിയുടെ ആരോഗ്യനില വഷളായെന്നും രക്തസമ്മർദ്ദം ക്രമാതീതമായി താഴ്ന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കുടുംബാഗങ്ങളും ഡിഎംകെ നേതാക്കളും ആശുപത്രിയിലേക്ക് എത്തിയതോടെ പല അഭ്യൂഹങ്ങളും പരക്കാൻ തുടങ്ങി. ഇതോടെ അണികൾ അതിരുവിട്ട വികാര പ്രകടനങ്ങൾ നടത്തുകയായിരുന്നു.

ലാത്തി വീശി
അഭ്യൂഹങ്ങളെ തുടർന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുകയും മുൻ കേന്ദ്രമന്ത്രി എ രാജ അത് പ്രവർത്തകർക്കായി വായിക്കുകയും ചെയ്തെങ്കിലും അണികൾ പിരിഞ്ഞുപോകാൻ തയാറായില്ല. തന്റെ വാഹനത്തിന്റെ മുകളിൽ കയറിനിന്ന് മൈക്കിലൂടെയും അദ്ദേഹം പിരിഞ്ഞുപോകണമെന്ന് അഭ്യർത്ഥന നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. ഒടുവിൽ പോലീസ് ലാത്തി വീശുകയായിരുന്നു.

അഭ്യൂഹങ്ങൾ
അതേ സമയം കരുണാനിധി മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അവധികൾ റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചെന്നൈ അണ്ണാ യൂണിവേഴിസിറ്റിയിലെ എല്ലാ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചതും ദുരൂഹത വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈയിലുണ്ട്.

സന്ദർശിച്ചു
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവർണർ ബൻവരിലാൽ പുരോഹിതും കരുണാനിധിയെ സന്ദർശിക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുൾ വാസ്നിക് എന്നിവരും ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു.












Click it and Unblock the Notifications