മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വമ്പന്‍ വിജയം നേടിയത് ആ വര്‍ഷം, ബിജെപിയുടെ വലിയ വിജയം 1990 ല്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച കൂടിയാണ് ശേഷിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസും ആണ് സംസ്ഥാനത്തെ പ്രബലകക്ഷികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും സംസ്ഥാനത്ത് പ്രചരണം ശക്തമാക്കിയിട്ടുണ്ട്. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഡിസംബര്‍ മൂന്നിന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലം അറിയാം. കാലാകാലങ്ങളായി ബി ജെ പിയും കോണ്‍ഗ്രസും ഭരിച്ച പാരമ്പര്യമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 1957 ഫെബ്രുവരി 25 നാണ് മധ്യപ്രദേശില്‍ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. 69 രണ്ടംഗ മണ്ഡലങ്ങളും 149 ഏകാംഗ മണ്ഡലവും ഉള്‍പ്പെടുന്ന നിയമസഭയിലെ 218 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസായിരുന്നു പ്രബലമായ പാര്‍ട്ടി.

അന്ന് ജനസംഘമായിരുന്ന ബി ജെ പി മൂന്നാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് സംസ്ഥാനത്തെ സ്വാധീനമുള്ള കക്ഷിയായി ബി ജെ പി വളര്‍ന്നത്. മധ്യപ്രദേശില്‍ ഇതുവരെ 15 തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസും ബി ജെ പിയുമാണ് എക്കാലവും സംസ്ഥാനത്ത് ആധിപത്യം പുലര്‍ത്തിയിരുന്നത്. മറ്റ് പാര്‍ട്ടികളും തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും സ്വാധീനശക്തിയായി വളര്‍ന്നിരുന്നില്ല.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും എക്കാലത്തെയും മികച്ച പ്രകടനം ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. 1985 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അന്നത്തെ സംയോജിത മധ്യപ്രദേശിലെ ആകെ 320 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് അതിന്റെ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയത്. അന്ന് ആകെയുള്ള 320 സീറ്റുകളില്‍ 250 സീറ്റുകളും കോണ്‍ഗ്രസ് ആണ് നേടിയത്.
ബി ജെ പിക്ക് ആ തിരഞ്ഞെടുപ്പില്‍ 58 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ 1990 ല്‍ നടന്ന തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി ആകെയുള്ള 320 സീറ്റില്‍ 220 ഉം നേടി വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ആ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച നേടിയ കോണ്‍ഗ്രസിന് വെറും 56 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2018 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.
എന്നാല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി ജെ പിക്ക് ആ തിരഞ്ഞെടുപ്പില്‍ 109 സീറ്റുകളും ലഭിച്ചിരുന്നു. ബിഎസ്പി, എസ്പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസ് 2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. അതേസമയം 2020 ല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംഘവും പാര്‍ട്ടി വിട്ടതോടെ സര്‍ക്കാര്‍ നിലംപതിച്ചു. നിലവില്‍ ബിജെപിക്ക് 128 സീറ്റുകളും കോണ്‍ഗ്രസിന് 98 സീറ്റുകളുമാണുള്ളത്.












Click it and Unblock the Notifications