മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീയിട്ടു; ചുവരില്‍ റാം എന്ന് എഴുതിവെച്ച് അജ്ഞാതര്‍
ജനല്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കയറിയത്. മതഗ്രന്ഥങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. നര്‍മ്മദാപുരം ജില്ലയില്‍ ഗോത്രവര്‍ഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പള്ളിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
പള്ളിക്കുള്ളിലെ പ്രാര്‍ത്ഥനാ ഹാളിനുള്ളിലെ ചുവരില്‍ റാം എന്ന് എഴുതി വെച്ചിട്ടുമുണ്ട്. പള്ളിക്ക് ഉള്ളിലെ ഫര്‍ണിച്ചറുകള്‍ തീയിട്ട് നശിപ്പിച്ച നിലയിലാണ്. അഞ്ച് വര്‍ഷം മുന്‍പ് നിര്‍മിച്ച പള്ളി ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
അജ്ഞാതരായ പ്രതികള്‍ക്കെതിരെ ഐ പി സി 295 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു. പള്ളിയുടെ ജനല്‍ തകര്‍ത്താണ് അക്രമികള്‍ അകത്ത് കയറിയത്.
തീപിടിത്തത്തില്‍ ചില മതഗ്രന്ഥങ്ങളും ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും കത്തി നശിച്ചു എന്നാണ് പരാതിയില്‍ ഉള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് നര്‍മ്മദാപുരം പൊലീസ് സൂപ്രണ്ട് ഗുരുകരന്‍ സിംഗ് പറഞ്ഞു. അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചുമായി ബന്ധമുള്ള പള്ളിയാണ് ഇത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.


Click it and Unblock the Notifications