വിമതരെ കൊണ്ട് രക്ഷയില്ല, കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ, മധ്യപ്രദേശില്‍ തീരാതെ വെല്ലുവിളി
ഭോപ്പാല്‍: മധ്യപ്രദേശ് ആദ്യ ഘട്ട വോട്ടെടുപ്പിന് കാത്തിരിക്കുകയാണ്. എന്നാല്‍ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ പ്രശ്‌നം നേരിടുന്നത് വിമതരുടെ കാര്യത്തിലാണ്. പല മണ്ഡലങ്ങളിലും മത്സരം ഇഞ്ചോടിഞ്ചാക്കാനും ചിലപ്പോള്‍ സ്വന്തം പാര്‍ട്ടിയെ തന്നെ വീഴ്ത്താന്‍ ഇവര്‍ക്ക് സാധിച്ചേക്കും. ബിജെപി 35 വിമതരെയും, കോണ്‍ഗ്രസ് 39 പേരെയുമാണ് ഇതുവരെ പുറത്താക്കിയത്.
ഇവരെല്ലാം പാര്‍ട്ടി വിരുദ്ധ പ്രകടനം നടത്തിയെന്നാണ് പറയുന്നത്. 2018 തെരഞ്ഞെടുപ്പില്‍ ബിജെപി 53 വിമതരെയാണ് മൊത്തം പുറത്താക്കിയത്. കോണ്‍ഗ്രസിന് 16 പേരെയാണ് പുറത്താക്കിയത്. വിമതര്‍ പലപ്പോഴും ചെറു പാര്‍ട്ടികളില്‍ ചേക്കേറുകയോ അതല്ലെങ്കില്‍ സ്വതന്ത്രമായി മത്സരിക്കുകയോ ആണ് ചെയ്യാറുള്ളത്.

കോണ്‍ഗ്രസിന് വിമത ഭീഷണി വലിയ വെല്ലുവിളിയാണ്. കാരണം ജയസാധ്യത അവര്‍ക്കാണ് കൂടുതലായി ഉള്ളത്. 2018ല്‍ കോണ്‍ഗ്രസിനെ ഏഴോളം സീറ്റുകളില്‍ പരാജയത്തിലേക്ക് തള്ളിയിട്ടത്ത് വിമതരായിരുന്നു. ഇതുകാരണം കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായി. 116 സീറ്റാണ് അവര്‍ക്ക് നേടാനായത്. ബിജെപിക്ക് അഞ്ച് സീറ്റിലും വിമതര്‍ക്ക് കാരണം പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്.
ജാബുവയില്‍ കോണ്‍ഗ്രസിന്റെ വിമതന്‍ ജാവിയര്‍ മെദ 35943 വോട്ട് നേടിയപ്പോള്‍, പാര്‍ട്ടിയുടെ വിക്രന്ത് ഭൂരിയ 10437 വോട്ടിനാണ് കഴിഞ്ഞ ഈ മണ്ഡലത്തില്‍ തോറ്റത്. പന്ദാനയില്‍ കോണ്‍ഗ്രസ് വിമത രൂപാലി ബാരി 25456 വോട്ട് പിടിച്ചു. ഔദ്യോഗിക സ്ഥാനാര്‍ത്ഥി തോറ്റത് 23750 വോട്ടിനും.ഉജ്ജയിന്‍ സൗത്തില്‍ കോണ്‍ഗ്രസ് വിമതന്‍ ജയ് സിംഗ് ദര്‍ബാര്‍ 19560 വോട്ടാണ് നേടിയത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി രാജു ഭയ്യ തോറ്റത് 18960 വോട്ടിനും.
അതുപോലെ പഥാരിയയില്‍ ബിജെപി വിമതന്‍ രാമകൃഷ്ണ കുസ്മാരിയ 8755 വോട്ടാണ് പിടിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ലഖന്‍ പട്ടേല്‍ തോറ്റത് 2205 വോട്ടിനും. മറ്റൊരു സീറ്റായ ദാമോയിലും ബിജെപിയുടെ സാധ്യതകള്‍ കുസ്മാരിയ ഇല്ലാതാക്കി. 1133 വോട്ടാണ് പിടിച്ചത്. ബിജെപി തോറ്റത് വെറും 798 വോട്ടിനും. 2018ല്‍ 46 സീറ്റില്‍ 5000 വോട്ടിന് താഴെയായിരുന്നു വിജയമാര്‍ജിന്‍. ഇത്തവണ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാധ്യതകളെ ഇവര്‍ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്. അതല്ലെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.
ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നിയമസഭ പോരാട്ടത്തിലാണ് വിമതര്‍ കൂടുതലും ഉണ്ടാവുന്നത്. കാരണം ഒരു ലോക്‌സഭാ സീറ്റില്‍ ആറ് മുതല്‍ എട്ട് വരെ നിയമസഭാ മണ്ഡലങ്ങളുണ്ടാവും. പാര്‍ട്ടി പിന്തുണയില്ലാതെ ഒരു എംഎല്‍എയ്ക്ക് മണ്ഡലത്തില്‍ എളുപ്പത്തില്‍ മത്സരിക്കാനാവും. സ്വതന്ത്രരെ പിന്തുണയ്ക്കുന്ന ആളുകളാണ് മധ്യപ്രദേശില്‍ കൂടുതലുള്ളത്.
സ്വതന്ത്രരില്‍ പക്ഷേ നാല് പേര്‍ മാത്രമാണ് ലോക്‌സഭയിലേക്ക് 2019 തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ നിയമസഭയിലേക്ക് ഇവര്‍ക്ക് ജയിക്കാനുള്ള സാധ്യത കൂടുതലാണ്. കെട്ടിവെക്കേണ്ട കാശും അതുപോലെ കുറച്ച് മതി. അതേസമയം ഇത്തവണ ഭരണം പിടിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിനെ ഭൂരിപക്ഷത്തില്‍ നിന്ന് അകറ്റാന്‍ ഈ വിമതര്‍ക്ക് സാധിച്ചേക്കും. വിജയിച്ച ശേഷം കൂടെ നിര്‍ത്തുക മാത്രമായിരിക്കും കോണ്‍ഗ്രസിന് മുന്നിലുള്ള ഏക വഴി.












Click it and Unblock the Notifications