എക്‌സിറ്റ് പോളുകളെ വിശ്വസിക്കണോ..? ഫലം കാത്ത് മധ്യപ്രദേശ്, സസ്‌പെന്‍സ് പൊളിയാന്‍ മണിക്കൂറുകള്‍ മാത്രം
ഭോപ്പാല്‍: തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം നാളെ മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുകയാണ്. മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 17 ന് ആയിരുന്നു. സംസ്ഥാനത്ത് 76.22 ശതമാനം പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 74.97 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
2018 ലെ തിരഞ്ഞെടുപ്പില്‍ പുരുഷന്‍മാരുടെ വോട്ടിംഗ് ശതമാനം 75.84 ശതമാനവും സ്ത്രീകള്‍ക്ക് 74.01 ശതമാനവും ഭിന്ന ലിംഗക്കാരുടേത് 25 ശതമാനവും ആയിരുന്നു. 5.59 ലക്ഷം വോട്ടര്‍മാരായിരുന്നു ഇത്തവണ സംസ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ 2.87 കോടി പുരുഷന്മാരും 2.71 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. സ്ത്രീകള്‍ നടത്തുന്ന 5000-ത്തിലധികം ബൂത്തുകളും വികലാംഗര്‍ നടത്തുന്ന 183 പോളിംഗ് സ്റ്റേഷനുകളും ഇത്തവണ ഉണ്ടായിരുന്നു.

കഴിഞ്ഞ 20 വര്‍ഷത്തില്‍ 18 വര്‍ഷവും ബി ജെ പി ഭരിച്ച സംസ്ഥാനത്ത് ഇത്തവണ എങ്ങനേയും അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സ്ത്രീശാക്തീകരണം, കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ എന്നിവയില്‍ ഊന്നിയായിരുന്നു ബി ജെ പി ഇത്തവണ പ്രചരണം നയിച്ചത്. നരേന്ദ്ര മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ദ എന്നിവരായിരുന്നു ബി ജെ പിയുടെ പ്രചരണത്തില്‍ മുന്നില്‍.
പഴയ പെന്‍ഷന്‍ പദ്ധതി, ജാതി സെന്‍സസ്, സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപയുടെ നാരി സമ്മാന്‍ നിധി, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, സര്‍ക്കാര്‍ സേവനങ്ങളില്‍ ഒബിസികള്‍ക്ക് 27 ശതമാനം സംവരണം എന്നിവ ഉള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ താരപ്രചാരകര്‍.
2018 ല്‍ കേവലഭൂരിപക്ഷമായ 116 സീറ്റില്‍ എത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. കോണ്‍ഗ്രസ് 114 സീറ്റിലും ബി ജെ പി 109 സീറ്റിലും ആണ് വിജയിച്ചത്. എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ബി എസ് പിയുടേയും സ്വതന്ത്രരുടേയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എങ്കിലും ഒന്നര വര്‍ഷത്തിന് ശേഷം കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വീണു.
ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുപറ്റം കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിയിലേക്ക് കൂറുമാറിയതോടെയാണ് സര്‍ക്കാര്‍ വീണത്. ഇതോടെ ശിവരാജ് സിംഗ് ചൗഹാന്‍ വീണ്ടും സംസ്ഥാനത്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയായിരുന്നു.












Click it and Unblock the Notifications