എന്‍സിപിയില്‍ അയോഗ്യതാ ഭീഷണി ഏല്‍ക്കില്ല? 40 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍
മുംബൈ: മഹാരാഷ്ട്രയില്‍ കൂറുമാറിയഎംഎല്‍എമാരെ അയോഗ്യരാക്കാനുള്ള എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ നീക്കം നടന്നേക്കില്ല. ഭൂരിഭാഗം എംഎല്‍എമാരും വിമതര്‍ക്കൊപ്പമാണെന്ന് സൂചനയുണ്ട്. സ്പീക്കര്‍ക്ക് കത്ത് കൊടുത്താലും, തങ്ങള്‍ക്കൊപ്പമാണ് കൂടുതല്‍ പേര്‍ ഉള്ളതെന്ന് ശരത് പവാര്‍ തെളിയിക്കേണ്ടി വരും. അതേസമയം നാല്‍പ്പതിലേറെ എംഎല്‍എമാരുടെ പിന്തുണ വിമത പക്ഷത്തിനുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ അവകാശപ്പെട്ടു.അക്കാര്യത്തില്‍ യാതൊരു തര്‍ക്കത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അജിത് പവാര്‍ പക്ഷത്തിനൊപ്പം പോവുകയും, പിന്നീട് മടങ്ങി വരികയും ചെയ്ത ശിരൂര്‍ ലോക്‌സഭാ എംപി അമോല്‍ കോലെ രാജിവെച്ചു. ശരത് പവാറിനാണ് രാജിക്കത്ത് നല്‍കിയത്.അതേസമയം എന്‍സിപിയില്‍ പിളര്‍പ്പില്ലെന്ന നിലപാടാണ് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ സ്വീകരിച്ചത്. ഇരുവിഭാഗങ്ങളും പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായെന്ന് സമ്മതിക്കുന്നില്ല. അതുകൊണ്ട് ആര്‍ക്കാണ് കൂടുതല്‍ പിന്തുണയെന്ന ചോദ്യം ഉദിക്കുന്നില്ല.

അജിത്-ശരത് പവാര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള പോരാട്ടം നീണ്ടതായിരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. വരുന്ന മണ്‍സൂണ്‍ സെഷനില്‍ ആരായിരിക്കും എന്‍സിപിയുടെ ചീഫ് വിപ്പ് എന്ന കാര്യത്തില്‍ വ്യക്തത വരാന്‍ സാധ്യത കുറവാണ്. പ്രഖ്യാപനത്തിന് സമയമെടുക്കും. തിരക്കിട്ട് തീരുമാനം എടുക്കാനില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ ശിവസേന പിളര്‍പ്പില്‍ സ്പീക്കറുടെ നടപടി സുപ്രീം കോടതി വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതാണ് സ്പീക്കര്‍ എന്‍സിപി പിളര്‍പ്പില്‍ നിലപാട് മയപ്പെടുത്തുന്നത്.
ഇരുവിഭാഗവും എന്‍സിപിയുടെഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരിക്കുകയാണ്. വിമത നേതാക്കളായ അജിത് പവാര്‍, ചഗന്‍ ബുജ്ബല്‍ എന്നിവര്‍ നാഷിക്കിലെ ഓഫീസാണ് പിടിച്ചെടുത്തത്. വലിയ പ്രതിഷേധമാണ് ശരത് പവാര്‍ അനുകൂലികളില്‍ നിന്നുണ്ടായത്. എന്‍സിപിയുടെ രാഷ്ട്രവാദി ഭവന്‍ എന്നറിയപ്പെടുന്ന ഓഫീസാണ് ബുജ്ബലിനെ പിന്തുണയ്ക്കുന്നവര്‍ പിടിച്ചെടുത്തത്.
മുംബൈയിലെ നാക്ക മേഖലയിലെ ഓഫീസുകളാണ് ഇവ. തുടര്‍ന്ന് ഇവരുമായി ശരത് പവാറിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് ഇടപെട്ടു. ശരത് പവാര്‍ അനുകൂലികളെയും, എന്‍സിപി ജില്ലാ പ്രസിഡന്റിനെയും അടക്കം പാര്‍ട്ടി ഓഫീസില്‍ കയറുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.ശരത് പവാറിന്റെ ചിത്രം ഉപയോഗിക്കാന്‍ അജിത് പവാറിന് യാതൊരു അനുമതിയും ഇല്ലെന്ന് ശരത് പവാര്‍ വിഭാഗം പറഞ്ഞു.
ശരത് പവാറിനെ നേതാവായി അംഗീകരിക്കാത്തവര്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ചിത്രം ഓഫീസില്‍ വെക്കുക. അതിനെ അംഗീകരിക്കില്ലെന്നും പ്രവര്‍ത്തകര്‍പ റഞ്ഞു. നേരത്തെ ശരത് പവാര്‍ തന്നെ ഈ ഫോട്ടോ വെച്ചതിനെ എതിര്‍ത്തിരുന്നു. തന്റെ പ്രത്യയശാസ്ത്രത്തെ വഞ്ചിച്ചവര്‍ക്ക്, തന്റെ ഫോട്ടോ ഉപയോഗിക്കാനുള്ള യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പവാറിന്റെ മകളും എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റുമായ സുപ്രിയ സുലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അണിചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നാളെ മൂന്ന് മണിക്ക് നടക്കുന്ന യോഗ സ്ഥലത്തേക്ക് എല്ലാവരും എത്തണമെന്നും സുലെ പറഞ്ഞു.












Click it and Unblock the Notifications