ലോക്സഭ കണക്കുകൾ തുണച്ചില്ല; അടപടലം തകർന്ന് എംവിഎ, പലിശ സഹിതം തിരിച്ചുകൊടുത്ത് മഹായുതി
മുംബൈ; മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം നേടിയത് കൂറ്റൻ വിജയമായിരുന്നു. ആകെയുള്ള 48 സീറ്റിൽ 30 സീറ്റുകളാണ് എം വി എയ്ക്ക് ലഭിച്ചത്. എൻ ഡി എയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം മിന്നുന്ന പ്രകടനമാണ് എം വി എ കാഴ്ചവെച്ചത്. ഇതോടെ മഹായുതി 17 സീറ്റിൽ ഒതുങ്ങി.
ലോക്സഭ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം കൈമുതലാക്കിയാണ് ഇക്കുറി മഹാവികാസ് അഘാഡി നിയസഭ തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയത്. എന്നാൽ ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് സഖ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൂറ്റൻ വിജയം സ്വന്തമാക്കിയ വിദർഭയിലടക്കം കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്.

നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകമാണ് 62 സീറ്റുകൾ ഉള്ള വിദർഭ മേഖല. വിദർഭ പിടിച്ചാൽ ഭരണം കൈപ്പിടിയിലായെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ൽ വിദർഭയിലെ 62 ൽ 44 ഉം ലഭിച്ചത് ബി ജെ പിക്കായിരുന്നു, ഭരണവും. കോൺഗ്രസിന്അന്ന് 10 സീറ്റുകളാണ് നേടാനായത്. 2019 ൽ ബി ജെ പിക്ക് നേടാനായത് 29 സീറ്റ്. കോൺഗ്രസ് അന്ന് നില മെച്ചപ്പെടുത്തി 15 സീറ്റ് നേടി.ലോക്സഭ തിരഞ്ഞെടുപ്പിൽ വിദർഭയിലെ ആകെയുള്ള 10 ൽ 7 സീറ്റും എം വി എയ്ക്കാണ് ലഭിച്ചത്. ബി ജെ പിക്ക് നേടാനായത് വെറും 3 സീറ്റുകളാണ്. ഇതോടെ വിദർഭ കേന്ദ്രീകരിച്ചായിരുന്നു ഇക്കുറിയും എം വി എ തന്ത്രം മെനഞ്ഞത്.
സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന വിദർഭയിൽ ദളിത്, മറാത്ത, കുൻബി, മുസ്ലീം സമുദായൾക്ക് ശക്തമായ സ്വാധീനമുണ്ട്. ഇവിടെ ദളിത്-മുസ്ലീം വോട്ടുകൾ ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ എം വി എ മെനഞ്ഞിരുന്നു. സംവരണം, സോയാബീൻ വില, വിളകളുടെ എംഎസ്പി തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു എം വി എയുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിന്റെ തന്ത്രങ്ങളൊന്നും വിജയിച്ചില്ലെന്ന് മാത്രമല്ല 62 ൽ 40 ന് മുകളിൽ സീറ്റുകളിൽ ഇവിടെ ബി ജെ പി ലീഡ് ചെയ്തു. വിദർഭയിൽ മാത്രമല്ല പല മേഖലകളിലും മഹായുതി സഖ്യത്തിന്റെ തേരോട്ടമാണ് പ്രകടമായത്. 288 സീറ്റുകളിൽ നിലവിൽ 226 ഓളം സീറ്റുകളിലാണ് മഹായുതി സഖ്യം മുന്നേറുന്നത്.












Click it and Unblock the Notifications