മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് തരംഗം, ഭൂരിഭാഗം സീറ്റിലും വിജയമുറപ്പ്; ആഭ്യന്തര സര്‍വേഫലം പുറത്ത്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലെ 150 നിയമസഭാ സീറ്റുകളിലേക്ക് ആഭ്യന്തര സര്‍വേ നടത്തി കോണ്‍ഗ്രസ്. സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 85 സീറ്റുകള്‍ ലഭിക്കും എന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് വിജയ് വഡേത്തിവാര്‍ പറഞ്ഞു. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 ശതമാനം വോട്ടുകളോടെ 44 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയിരുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 ല്‍ 13 സീറ്റും നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയിരുന്നു. ലോക്സഭാ ഫലം അനുസരിച്ച് 63 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. തൊട്ടുപിന്നില്‍ ഉദ്ധവ് താക്കറെയുടെ ശിവസേന (57), ശരദ് പവാറിന്റെ എന്‍സിപി (34) എന്നിങ്ങനെയാണ്. സംസ്ഥാനത്തെ 288 ല്‍ 154 സീറ്റുകളിലും മഹാ വികാസ് അഘാഡി സഖ്യം മുന്നിലാണ് എന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ട്രെന്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്.

കോണ്‍ഗ്രസിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നിരവധി റാലികള്‍ നടത്താന്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വഡേത്തിവാര്‍ പറഞ്ഞു. 'എല്ലാ പാര്‍ട്ടികളും ഇത്തരം സര്‍വേകള്‍ നടത്തുന്നുണ്ട്. ഞങ്ങള്‍ 150 സീറ്റുകളില്‍ നടത്തിയ സര്‍വേയില്‍ 85 സീറ്റുകള്‍ നേടുമെന്ന് കാണിക്കുന്നു,' അദ്ദേഹം പറഞ്ഞു.
മഹാ വികാസ് അഘാഡി ഒരുമിച്ച് പോരാടുകയും മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നല്ല ഭരണം ഉറപ്പാക്കുകയും ചെയ്യും എന്നും പ്രതിപക്ഷ നേതാവ് കൂടിയായ വിജയ് വഡേത്തിവാര്‍ പറഞ്ഞു. അതേസമയം ഭരണ സഖ്യമായ മഹായുതിക്ക് മുന്നേറ്റം നല്‍കുന്ന സര്‍വേകളെ അദ്ദേഹം തള്ളിക്കളഞ്ഞു. പണം വാങ്ങി ആളുകളെ കബളിപ്പിക്കുകയാണ് ഇത്തരം സര്‍വേ ഏജന്‍സികള്‍ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിനെ കൂടാതെ ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി (എസ്പി) എന്നിവ ഉള്‍പ്പെടുന്നതാണ് മഹാ വികാസ് അഘാഡി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 സീറ്റുകളില്‍ എംവിഎ 30 സീറ്റുകളാണ് നേടിയത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് 17 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ശേഷിക്കുന്ന ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനാണ് ജയിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം മഹായുതി സഖ്യം 127 സീറ്റുകളിലും ബിജെപി 80 സീറ്റുകളിലും ഏകനാഥ് ഷിന്‍ഡെയുടെ ശിവസേന 39 സീറ്റുകളിലും അജിത് പവാറിന്റെ എന്‍സിപി 6 സീറ്റുകളിലും മുന്നിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 105 സീറ്റുകളിലും അവിഭക്ത ശിവസേന 56 സീറ്റുകളിലും ആണ് വിജയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ ശിവസേന, എന്‍ഡിഎ വിടുകയായിരുന്നു.
പിന്നീട് ശിവസേന കോണ്‍ഗ്രസിനും എന്‍സിപിക്കുമൊപ്പം മഹാ വികാസ് അഘാഡി രൂപീകരിച്ച് സര്‍ക്കാരുണ്ടാക്കി. ഉദ്ധവ് താക്കറെയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി അധികാരം പിടിക്കുകയായിരുന്നു. ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലും എന്‍സിപിയില്‍ നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലും നേതാക്കള്‍ പാര്‍ട്ടി വിട്ടു.
വൈകാതെ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡിയ്ക്ക് കരുത്തായി. ഹരിയാന, ജമ്മു കാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നവംബറില്‍ മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് വിവരം.












Click it and Unblock the Notifications